ചങ്ങരംകുളം:തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭ്യമാവും എന്ന് പ്രചരിപ്പിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥികളും പ്രവർത്തകരും നന്നംമുക്ക് പഞ്ചായത്തിലുടനീളം വ്യാജ ഫോമുകൾ വിതരണം ചെയ്യുകയാണെന്ന് യുഡിവൈഎഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇത്തരത്തില്‍ വിതരണം ചെയ്ത ഫോമുകൾ പൂരിപ്പിച്ച് പ്രദേശത്തെ സ്ത്രീകൾ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാൻ എത്തുമ്പോൾ ഇത്തരത്തിൽ ഒരു ഫോമും കൈപറ്റി രസീതി നൽകുവാൻ ഗവണ്മെന്റിൽ നിന്ന് യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചതെന്നും യുഡിവൈഎഫ് നേതാക്കള്‍ പറഞ്ഞു.പ്രവർത്തകർ ഗ്രാമ പഞ്ചായത്തിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോഴും ഗ്രാമ പഞ്ചായത്തിൽ നിന്നോ ഗവണ്മെന്റ് സൈറ്റിലോ ഇത്തരത്തിൽ ഒരു ഫോമും വിതരണം ചെയ്തിട്ടില്ലെന്നുമാണ് അറിയിച്ചത്.ഇത് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് ഇർഷാദ് പള്ളിക്കര, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ അമയിൽ,റാഷിദ് വിരളിപ്പുറത്ത്, അനീസ് മുഹമ്മദ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു











