കോഴിക്കോട്: കോഴിക്കോട് ഡാൻസാഫിന്റെ വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ചു കടത്തിയ 250 ഗ്രാം എംഡിഎംഎയും 99 എൽഎസ്ഡി സ്റ്റാംപും ടാബ്ലെറ്റും പിടികൂടി. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഡാൻസാഫിന്റെ അടുത്ത കാലത്തെ വൻ ലഹരിവേട്ടയാണിത്. ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലെത്തിയ രണ്ട് യുവാക്കളിൽ നിന്നാണ് ഇത്രയധികം ലഹരിമരുന്ന് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി റിഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഡാൻസാഫ് സംഘം രാവിലെ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തുണ്ടായിരുന്നു. ഇവരുടെ കൈവശം പാക്ക് ചെയ്ത നിലയിലായിരുന്നു വാട്ടർ ഹീറ്റർ ഉണ്ടായിരുന്നത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായവരെ കസബ പൊലീസിന് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയും ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു.










