ന്യൂഡല്‍ഹി: ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്രയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധര്‍മേന്ദ്രയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി ‘എക്‌സി’ല്‍ കുറിച്ചു. ചലച്ചിത്ര രംഗത്തെ ഐതിഹാസിക വ്യക്തിത്വമായിരുന്നു ധര്‍മേന്ദ്രയെന്ന് അനുസ്മരിച്ച മോദി, അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങള്‍ക്കും ആഴവും ആകര്‍ഷണീയതയും കൊണ്ടുവന്ന നടനായിരുന്നു അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു. ‘അദ്ദേഹത്തിന്റെ വിവിധ വേഷങ്ങള്‍ എണ്ണമറ്റ ആളുകളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു. ലാളിത്യത്തിന്റേയും വിനയത്തിന്റേയും ഊഷ്മളതയുടേയും പേരില്‍ ധര്‍മേന്ദ്ര ജി ഒരുപോലെ ആരാധിക്കപ്പെട്ടു. ഈ ദുഃഖകരമായ വേളയില്‍, എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എണ്ണമറ്റ ആരാധകര്‍ക്കും ഒപ്പമാണ്. ഓം ശാന്തി.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാഷ്ട്രപതി ദ്രൗപതി മുര്‍മു, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും അനുശോചനം അറിയിച്ചു. വരുംതലമുറയിലെ കലാകാരന്മാര്‍ക്ക് ധര്‍മേന്ദ്ര പ്രചോദനമായിരിക്കുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. വിയോഗം കലാലോകത്തിന് നികത്തനാവാത്ത നഷ്ടമെന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. ഒരു യുഗത്തിന്റെ അന്ത്യമെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറിച്ചത്.’മുതിര്‍ന്ന നടനും മുന്‍ പാര്‍ലമെന്റ് അംഗവുമായ ശ്രീ ധര്‍മേന്ദ്രജിയുടെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് ഒരു വലിയ നഷ്ടമാണ്. ഏറ്റവും ജനപ്രിയരായ നടന്മാരില്‍ ഒരാളായ അദ്ദേഹം, പതിറ്റാണ്ടുകള്‍ നീണ്ട തന്റെ വിശിഷ്ടമായ കരിയറില്‍ നിരവധി അവിസ്മരണീയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ഇന്ത്യന്‍ സിനിമയിലെ ഒരു അതുല്യ പ്രതിഭ എന്ന നിലയില്‍, വരുംതലമുറയിലെ കലാകാരന്മാര്‍ക്ക് പ്രചോദനമായി നിലനില്‍ക്കുന്ന ഒരു പൈതൃകമാണ് അദ്ദേഹം അവശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.’ എന്നായിരുന്നു രാഷ്ട്രപതിയുടെ അനുശോചനക്കുറിപ്പ്. ‘പ്രശസ്ത നടന്‍ ധര്‍മേന്ദ്ര ജിയുടെ വിയോഗവാര്‍ത്ത അത്യന്തം ദുഃഖകരവും ഇന്ത്യന്‍ കലാ ലോകത്തിന് നികത്താനാവാത്ത നഷ്ടവുമാണ്. സിനിമയിലെ ഏഴ് പതിറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകള്‍ എപ്പോഴും ആദരവോടും സ്‌നേഹത്തോടും കൂടി ഓര്‍മിക്കപ്പെടും. ധര്‍മേന്ദ്ര ജിക്ക് എന്റെ ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു.’ രാഹുല്‍ കുറിച്ചു. ‘ഇന്ത്യന്‍ സിനിമാ ലോകത്തിന് ഇന്ന് ഒരു അമൂല്യ താരത്തെ നഷ്ടമായി. പ്രശസ്ത നടന്‍ ധര്‍മേന്ദ്ര ഇനി നമ്മോടൊപ്പമില്ല. 2012-ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കപ്പെട്ട ധര്‍മേന്ദ്ര, പതിറ്റാണ്ടുകളോളം സിനിമാ പ്രേമികളുടെ ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും തന്റെ അഭൂതപൂര്‍വമായ അഭിനയത്തിലൂടെയും ലളിതമായ ജീവിതത്തിലൂടെയും ആഴത്തിലുള്ള ഒരു മുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമാണ്. ഈ ദുഃഖകരമായ വേളയില്‍ ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും കോടിക്കണക്കിന് ആരാധകര്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നല്‍കട്ടെ’, ഖാര്‍ഗെ അനുശോചിച്ചു.










