കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലറെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനിടെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.കോടതി വിമര്‍ശനമുന്നയിച്ച മൂന്ന് മാനസികാരോഗ്യ വിദഗ്ധര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ദിശ സംഘടന സെക്രട്ടറി ദിനു വെയിലാണ് പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി അടിയന്തരമായി പ്രാഥമിക നടപടി എങ്കിലും സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ദിനു ഫേസ്ബുക്കില്‍ കുറിച്ചു. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് നല്‍കിയ പരാതി നിലവില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ പരിഗണയിലാണെന്നും ദിനു വ്യക്തമാക്കി.പാലത്തായി കേസിന്റെ വിധി പറയുന്നതിനിടെയാണ് പീഡനത്തിനിരയായ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയവര്‍ക്കെതിരെ കോടതി ആരോപണമുയര്‍ത്തിയത്. കുട്ടിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച കൗണ്‍സിലര്‍മാര്‍ക്ക് ഈ ജോലിയില്‍ തുടരാന്‍ അനുവാദമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17-നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.2021ല്‍ ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകര്‍ എന്നിവരുള്‍പ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കേസില്‍ തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. പോക്സോ കുറ്റങ്ങളില്‍ നാല്‍പത് വര്‍ഷമാണ് തടവുശിക്ഷ. പരമാവധി 20 വര്‍ഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.










