ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ നാലു വയസ്സുകാരി ബസ് കയറി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണ് അപകടകാരണം എന്നാണ് കണ്ടെത്തല്‍.സേഫ്റ്റി പ്രോട്ടോകോള്‍ വാഴ്‌ത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ പാലിച്ചിട്ടില്ല എന്നാണ് ബാലാവകാശ കമ്മീഷന്റെ കണ്ടത്തല്‍. പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ മരിച്ചത് യാദൃശ്ചിക സംഭവമായി കാണാന്‍ കഴിയില്ല. ബസ് നിര്‍ത്തി കുട്ടികള്‍ ക്ലാസ് റൂമില്‍ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചു. ഇത് ഉറപ്പു വരുത്തേണ്ട പ്രിന്‍സിപ്പാളിന് വീഴ്ചയുണ്ടായി.സ്‌കൂളിലെ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ല എന്ന കാര്യം പോലീസ് പരിശോധിക്കും. അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനേയെ തഹസ്സിനെയും മരിച്ച ഹെയ്‌സലിന്റെ കുടുംബാംഗങ്ങളെയും ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്ന് ഹെയ്‌സല്‍ ബെന്നിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.








