കൊച്ചി: ഓടുന്ന ടൂറിസ്റ്റ് ബസിന്റെ ക്യാബിനിൽനിന്നുള്ള വ്‌ളോഗർമാരുടെ വീഡിയോ പിടിത്തത്തിൽ കർശന നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ഓടുന്ന വാഹനങ്ങളിലെ വീഡിയോ ചിത്രീകരണം വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും ഭീഷണിയാണെന്ന് കോടതി പറഞ്ഞു. വാഹനങ്ങളുടെ അനധികൃത രൂപമാറ്റം ഉണ്ടാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ഓടുന്ന കോൺട്രാക്ട് കാര്യേജ് ബസുകളിലും ഹെവി വാഹനങ്ങളിലുമടക്കം ഡ്രൈവർ ക്യാബിനിൽ വ്‌ളോഗർമാർ വീഡിയോ ചിത്രീകരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോടും ഗതാഗത കമ്മിഷണറോടും നിർദേശിച്ചു. നിയമവും കോടതി ഉത്തരവുകളും ലംഘിച്ച്, കോൺട്രാക്ട്/സ്‌റ്റേജ് കാര്യേജ് വാഹനങ്ങളും മറ്റും പൊതു സ്ഥലങ്ങളിൽ അപകടകരമായ രീതിയിൽ ഓടിച്ച് പ്രമോഷണൽ വീഡിയോ ചിത്രീകരിച്ചത് സമൂഹമാധ്യമത്തിൽ നിരവധിയായി കാണാൻ കഴിയുന്നുണ്ടെന്ന് കോടതി പറഞ്ഞു.ഡിജെ അല്ലെങ്കിൽ ലേസർ ലൈറ്റുകൾ ഹൈപവർ മ്യൂസിക് സിസ്റ്റം എന്നിവയ്ക്കായി ഒന്നിലധികം ബാറ്ററികളും ഇൻവെർട്ടറുകളുമാണ് ഒരേ വാഹനങ്ങളിൽ തന്നെ ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ചും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.








