കുറ്റിപ്പുറം : ശബരിമല തീർത്ഥടകരുടെ വാഹനങ്ങൾ നിർത്തിയിടാൻ കുറ്റിപ്പുറത്ത് ദേശീയപാത അതോറിറ്റി സൗകര്യമൊരുക്കുന്നു. കുറ്റിപ്പുറം ഹീൽ ഫോർട്ട് ഹോസ്പിറ്റലിന് എതിർവശത്തായി ദേശീയപാതയിലെ നിരീക്ഷണ ക്യാമറ ഓപ്പറേറ്റിങ് സെന്ററിന്റെ ഇരുഭാഗത്തുമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ് അയ്യപ്പൻമാരുടെ വാഹനങ്ങൾ നിർത്തിയിടാൻ ഉപയോഗിക്കുക.ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടാൽ കുറ്റിപ്പുറം പാലത്തിന്റെ കിഴക്കു ഭാഗത്തും പടിഞ്ഞാറുഭാഗത്തെ മിനിപമ്പയിലും തീർത്ഥാടകർക്ക് കുളിക്കാനിറങ്ങാം.പാലത്തിനു താഴെയായി വിരിവെക്കാനും കഴിയും. ദേശീയപാത 66-ആറുവരിപ്പാതയുടെ നിർമാണത്തെത്തുടർന്ന് മിനിപമ്പയിലെ ശബരിമല തീർത്ഥാടകരുടെ ഇടത്താവളം ഇല്ലാതായതിനെത്തുടർന്നാണ് ദേശീയപാതാ അതോറിറ്റി പുതിയ സ്ഥലം ഇതിനായി കണ്ടെത്തിയത്.മിനിപമ്പയിൽ ഇടത്താവളം ഇല്ലാതായിട്ടും ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകയാത്രികർ വാഹനങ്ങൾ ഇപ്പോഴുമിവിടെ നിർത്തിയിടുന്നുണ്ട്. മിനിപമ്പയിലെ റോഡരികിൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നതു കാരണം ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതിനെത്തുടർന്നാണ് ദേശീയപാത അതോറിറ്റി തീർത്ഥാടകരുടെ വാഹനങ്ങൾ നിർത്തിയിടാൻ പുതിയ സ്ഥലത്ത് സൗകര്യമൊരുക്കുന്നത്.ലെയ്സൺ ഓഫീസർ പി പി അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം വ്യാഴാഴ്ച കുറ്റിപ്പുറത്ത് സന്ദർശനം നടത്തി.രാമനാട്ടുകര മുതൽ കാപ്പിരിക്കാടുവരെ ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളിൽ അപകടകരമായ തിരിവുകൾ ഉള്ളിടത്ത് കൂടുതൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കും. ഗതാഗതക്കുരുക്ക് ഉണ്ടാകുന്നിടത്ത് പരിഹാരസംവിധാനങ്ങളും ഒരുക്കും.









