കേരളത്തിൽ കോഴി മുട്ടയ്ക്ക് റെക്കോർഡ് വില. ഒരു മുട്ടയ്ക്ക് 7.50 രൂപയായി. ഏഴ് രൂപ വരെയാണ് പരമാവധി വില വന്നിരുന്നത്. തമിഴ്നാട് നിന്ന് കയറ്റുമതി കൂടിയതാണ് തിരിച്ചടിയായത്.നാമക്കലിൽനിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും.വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്. ശബരിമലസീസൺ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന അവസ്ഥയാണ്. ഡിസംബർ ആവുന്നതോടെ കേക്ക് നിർമാണം സജീവമാകും ഇതോടെ വില ഇനിയും കൂടും.ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലിൽ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി. മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയാണിത്.കോഡിനേഷൻ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബർ ഒന്നിന് നാമക്കലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടർന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15-ന് 5.90 രൂപയായി. 17-ന് ആറുരൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും കൂടി 6.05 രൂപയായി. 2021-ൽ ഇതേസയമം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022-ൽ 5.35, 2023-ൽ 5.50, 2024-ൽ 5.65 എന്നിങ്ങനെയായിരുന്നു വില.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നാമക്കലിൽ മുട്ടയുടെവില 5.70 രൂപയിൽ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ നാമക്കലിൽനിന്ന് കൂടുതൽ മുട്ടവാങ്ങാൻ തുടങ്ങിയതാണ് വില ഉയരാനിടയാക്കിയത്.








