തിരുവനന്തപുരം: അതിദാരിദ്ര്യമുക്തി കൈവരിച്ച കേരളത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനം പരാമർശിച്ച് വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി എംബി രാജേഷ്. അതിദാരിദ്ര്യ മുക്തി കൈവരിക്കുന്നതിൽ കേരളത്തിൻ്റെ മുന്നേറ്റം കണ്ണടച്ച് ഇരുട്ടാക്കുന്നവർ കാണണമെന്ന് വിശദീകരിക്കുന്നതാണ് പോസ്റ്റ്. ലോക മുതലാളിത്തത്തിന്റെ ജിഹ്വ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യം തീരെയില്ലാത്ത മാധ്യമം കേരളത്തിൻ്റെ നേട്ടത്തെ പ്രശംസിച്ച് പ്രസിദ്ധീകരിച്ച ലേഖനമാണ് മന്ത്രി ഉയർത്തിക്കാട്ടുന്നത്.സാമൂഹ്യക്ഷേമ രംഗത്ത് ഇന്ത്യ കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് പറയുന്ന ലേഖനത്തിൽ വികസന-ക്ഷേമ സൂചികകളിൽ മുന്നിലുള്ള സ്കാൻ്റിനേവിയൻ രാജ്യങ്ങൾ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന നേട്ടങ്ങളുമായി കേരളത്തിൻ്റെ നേട്ടങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. സമീപ വർഷങ്ങളിൽ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയതിനെ മുൻകാലങ്ങളിലെ രാഷ്ട്രീയ സമീപനം പരാമർശിച്ചുകൊണ്ടാണ് ലേഖനത്തിൽ വിശദീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദി ഇക്കണോമിസ്റ്റിൻ്റെ ഉള്ളടക്കത്തിലെ രാഷ്ട്രീയ ചായ്‌വ് കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിന് കാരണം.മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൻ്റെ പൂർണരൂപംകണ്ണടച്ചിരുട്ടാക്കുന്നവരേ കാണൂ കേരളം ലോകത്തിന് വെളിച്ചമാകുന്നത്!ലോകത്തെ ഏറ്റവും വിഖ്യാതമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് ലണ്ടനിൽ നിന്നിറങ്ങുന്ന ‘The Economist’. അവരും നമ്മുടെ ആ നേട്ടത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. വലതുപക്ഷ സാമ്പത്തിക വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കുന്നതുകൊണ്ട് തന്നെ ‘ലോക മുതലാളിത്തത്തിന്റെ ജിഹ്വ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണമാണിത്.ഇടതുപക്ഷ ആഭിമുഖ്യം ഒട്ടുമേ ഇല്ലെന്നർത്ഥം.എകണോമിസ്റ്റിന് ലോകമാകെയുള്ള അക്കാദമിക്-പണ്ഡിത സമൂഹത്തിലും വലിയ സ്വീകാര്യതയും ആധികാരികതയുമുണ്ട്. അതിവിശാലമായ വായനക്കാരുള്ള എകണോമിസ്റ്റിന്റെ നിരീക്ഷണങ്ങൾ ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ -ബിസിനസ്-അക്കാദമിക് വൃത്തങ്ങളിൽ ഗൗരവത്തോടെയെടുക്കുന്നവയാണ്. ആ എകണോമിസ്റ്റാണ് കേരളത്തിന്റെ കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യഞ്ജത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് എന്നത് നമുക്കെല്ലാം അഭിമാനം പകരുന്ന കാര്യമാണ്.കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യഞ്ജത്തിന്റെ വെളിച്ചം ലോകത്തിന് വഴികാട്ടിയാകുമ്പോൾ അടിസ്ഥാന രഹിതമായ വിമർശനങ്ങളുന്നയിച്ച് കണ്ണടക്കുന്നവർക്ക് മാത്രമേ ഇരുട്ടാവുന്നുള്ളൂ എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. പതിവായി നമ്മുടെ ആശയങ്ങളോട് വിയോജിക്കുന്ന ‘The Economist’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ തലക്കെട്ട് : “സാമൂഹിക ക്ഷേമത്തെക്കുറിച്ച് കേരളത്തിന് ഇന്ത്യയെ ചിലതൊക്കെ പഠിപ്പിക്കാൻ കഴിയും” എന്നതാണ്.അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്ന് അടിവരയിടുന്ന ലേഖനം, 1% ൽ താഴെ മാത്രം ദാരിദ്ര്യനിരക്കുള്ള നമ്മെ ലോകത്തിലെ സ്കാൻഡിനേവിയൻ രാജ്യങ്ങളോട് ഉപമിക്കുന്നു.ഈ വിജയം സാധ്യമായത് പുനർവിതരണത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന അതുല്യമായ രാഷ്ട്രീയ ശൈലിയും , കുടുംബശ്രീ പോലുള്ള പ്രാദേശിക കമ്മ്യൂണിറ്റി സംഘടനകളുമായി ചേർന്ന് 64,006 അതിദരിദ്ര കുടുംബങ്ങളെ രക്ഷിച്ച വികേന്ദ്രീകൃത ഭരണരീതിയും കൊണ്ടാണെന്നും എകണോമിസ്റ്റ് വിലയിരുത്തുന്നുണ്ട്.വിഭിന്ന രാഷ്ട്രീയ നിലപാടുകളുള്ളവർപ്പോലും മനുഷ്യരെ ചേർത്തുപിടിച്ചുള്ള നമ്മുടെ വികസന മാതൃകയെ അംഗീകരിക്കുമ്പോൾ എല്ലാ അസംബന്ധ രാഷ്ട്രീയ നാടകങ്ങളും പൊളിഞ്ഞ് വീഴുകയാണ്.









