വെളിയങ്കോട്: ഓരോ വേദിയും നിറഞ്ഞ സദസ്സുമായി പൊന്നാനി ഉപജില്ലാ കലോത്സവം നാടിന്റെ ഉത്സമായി ജനം ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംസ്കൃതോത്സവത്തിൽ പൊന്നാനി എവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി. ഹൈകൂൾ വിഭാഗത്തിൽ 90 പോയിന്റും യുപി വിഭാഗത്തിൽ 88 പോയിന്റും നേടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം നേടിയത്. ഹൈസ്കൂൾ വിഭാഗത്തിൽ 59 പോയിന്റുമായി പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 55 പോയിന്റുമായി പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ 88 പോയിന്റുകളുമായി ഗവ. ഫിഷറീസ് യുപി സ്കൂളും പൊന്നാനി എവിഎച്ച്എസ്എസും ഒന്നാമതായി. കാഞ്ഞിരമുക്ക് പിഎൻയുപി സ്കൂൾ 83 പോയിന്റുമായി രണ്ടാമതെത്തി. 77 പോയിന്റ് നേടിയ ന്യൂ യുപി സ്കൂൾ ഈശ്വരമംഗലത്തിനാണ് മൂന്നാംസ്ഥാനം. ബുധനാഴ്ച കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിരക്കളി എന്നീ മത്സരംകൊണ്ടു ഗാന്ധിജി, ചാച്ചാജി വേദികൾ നിറഞ്ഞ സദസ്സായിരുന്നു. നേതാജി വേദി വൈകുന്നേരത്തോടെ വാട്ടിപ്പാട്ട്, ഒപ്പന കാണാനെത്തിയവരെകൊണ്ട് നിറഞ്ഞു കവിഞ്ഞു. രാത്രിയിലും കലോത്സവ വേദിയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.








