മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ട് നിന്ന കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ് .കഠിനതടവിന് പുറമെ 11,75,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശി ആയ യുവതിയെയും പാലക്കാട് സ്വദേശി ആയ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്.ഐ.പി.സി പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ശിക്ഷ.ശിക്ഷയിൽ യാതൊരു തരത്തിലുള്ള ഇളവുകളും നൽകേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോമസുന്ദരൻ ഹാജരായി.2019 മുതൽ 2021 വരെയുള്ള രണ്ട് വർഷകാലം പതിനൊന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. തലയിൽ ക്യാമറ ഉണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ അത് ഞങ്ങൾ അറിയുമെന്നും പറഞ്ഞുകൊണ്ട് കുട്ടിയെ ഇവർ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. 2019 ലാണ് തിരുവനന്തപുരം സ്വദേശി ആയ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്.കുട്ടിയെ കാണണമെന്ന് ആവശ്യപെട്ട് 2021ൽ മുത്തശൻ പോലീസിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. കുട്ടിയെ കാണാൻ അനുവദിക്കില്ലെന്ന് അമ്മ വാശി പിടിച്ചതോടെ തർക്കമായി. ഇതോടെ കുട്ടിയെ CWC ഏറ്റെടുത്തു. തുടർന്ന് സ്നേഹിതയിൽ പാർപ്പിച്ചപ്പോഴാണ് കുട്ടി ദുരനുഭവങ്ങൾ തുറന്ന പറഞ്ഞത്. മലപ്പുറം വനിതാ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. കുട്ടിയ്ക്ക് പലപ്പോഴായും ഭക്ഷണം പോലും നല്കിയിരുന്നില്ലെന്നും മർദിക്കാറുണ്ടായിരുന്നുവെന്നും അയൽവാസികളും മൊഴി നൽകിയിരുന്നു. നിലവിൽ രണ്ടാനച്ഛനും അമ്മയും ജയിലിൽ കഴിയുകയാണ്.











