ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമത്തിൽ വളർന്ന് വരുന്ന യുവതലമുറയ്ക്ക് ഫുട്ബോൾ രംഗത്ത് മികച്ച പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ജിസിസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സമ്മാന കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ് ചടങ്ങ് ആവേശഭരിതമായി.ജിസിസി അക്കാദമിയിലൂടെ ഫുട്ബോൾ രംഗത്ത് മികച്ച താരങ്ങളെ വളർത്താനുള്ള കൂട്ടായ പരിശ്രമത്തിന് നാടൊന്നാകെ പിന്തുണ നൽകിയതോടെ, ക്ലബ്ബ് പുറത്തിറക്കിയ എല്ലാ കൂപ്പണുകളും വിറ്റഴിച്ച അപൂർവ്വ നേട്ടം ക്ലബ്ബിന് സ്വന്തമായി.സമ്മാന കൂപ്പൺ നറുക്കെടുപ്പ് ക്ലബ്ബ് രക്ഷാധികാരി കെ.ബാബു നാസർ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡൻറ് ഷാജഹാൻ നാലകത്ത് അധ്യക്ഷനായി.പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ, നിഷ അജിത്കുമാർ,സുജിത ,ക്ലബ്ബ് വൈസ് പ്രസിഡൻറ് സി.വി. മണികണ്ഠൻ,രാഷ്ട്രീയ നേതാക്കളായ കെ.സി. കുഞ്ഞൻ, യൂസഫ് പണിക്കവീട്,കെ.എ.പ്രയാൻ, ട്രഷറർ എ.എം. ഇക്ബാൽ, ജോ. സെക്രട്ടറി ബാബു പി. ജോർജ്, സഹയാത്ര സെക്രട്ടറി ടി എ രണദിവെ എന്നിവർ പ്രസംഗിച്ചു.സമ്മാന പദ്ധതിയിൽ ഏറ്റവും കൂടുതൽ കൂപ്പൺ വിൽപന നടത്തിയ അക്കാദമി താരം നിഹാൽ ഹുസൈനിനെ ഷൗക്കത്ത് അറക്കൽ ദുബായ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് നൗഷാദ് മുക്കൂട്ട നൽകി അനുമോദിച്ചു.ജനപ്രതിനിധികളും വിശിഷ്ടാതിഥികളും അക്കാദമി താരങ്ങളും ചേർന്ന് നറുക്കെടുപ്പ് നടത്തി.നറുക്കെടുപ്പിൽ 3365, 2878, 1857 എന്നീ നമ്പറുകൾ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി.ഒന്നാം സമ്മാനമായി ഇലക്ട്രിക് ബൈക്ക്,രണ്ടാം സമ്മാനമായി എല്‍ഇഡി ടി.വി, മൂന്നാം സമ്മാനമായി സൈക്കിൾ എന്നിവയും കൂടാതെ നാല് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചു.ചടങ്ങിൽ ക്ലബ് സെക്രട്ടറി ജിജു ജേക്കബ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നൗഷാദ് മുക്കൂട്ട നന്ദിയും പറഞ്ഞു.










