ആഭ്യന്തര യുദ്ധത്തിൽ അമരുന്ന വടക്കേ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സാഹചര്യം അതിരൂക്ഷം. നോർത്ത് ദാർഫൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽ-ഫാഷിറിൽ ആറ് ദിവസത്തിനിടെ 2,500ലേറെ പേരെ അർദ്ധ സൈനിക വിഭാഗമായ ആർ.എസ്.എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) കൂട്ടക്കൊല ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളെയും ഗോത്ര വർഗക്കാരെയുമാണ് ആർ.എസ്.എഫ് ലക്ഷ്യമിടുന്നത്. സൈന്യത്തെ തുരത്തി അൽ-ഫാഷിറിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണിത്.
തങ്ങളെ എതിർക്കുന്നവരെ ആർ.എസ്.എഫ് അതിക്രൂരമായി വെടിവച്ചു വീഴ്ത്തുകയാണെന്ന് യു.എൻ (ഐക്യരാഷ്ട്ര സംഘടന) ചൂണ്ടിക്കാട്ടുന്നു. ആർ.എസ്.എഫ് അംഗങ്ങൾ സ്ത്രീകളും കുട്ടികളും അടക്കം നിരപരാധികളായ മനുഷ്യരെ തെരുവിൽ നിരത്തി നിറുത്തിയ ശേഷം വെടിവച്ചു കൊല്ലുകയാണെന്ന് അൽ-ഫാഷിറിൽ നിന്ന് രക്ഷപ്പെട്ടവർ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. നഗരത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നവരെ തട്ടിക്കൊണ്ടുപോകുന്നുണ്ട്. കൂട്ടക്കൊലകളുടെ ഭയപ്പെടുത്തുന്ന വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2023 ഏപ്രിൽ മുതലാണ് രാജ്യത്ത് സൈന്യവുമായി ആർ.എസ്.എഫിന്റെ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 2021 ഒക്ടോബറിൽ സൈന്യം സുഡാന്റെ അധികാരം പിടിച്ചെടുത്തിരുന്നു. സൈനിക അട്ടിമറിക്ക് പിന്നാലെ അധികാരത്തിന്റെ പേരിൽ സൈന്യത്തിനും ആർ.എസ്.എഫിനുമിടെയിൽ വിള്ളൽ വീഴുകയും യുദ്ധത്തിൽ കലാശിക്കുകയുമായിരുന്നു.







