യുകെ മലയാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ നോട്ടിങ്ങാമിലെ മാന്‍സ്ഫീല്‍ഡില്‍ കുടുംബമായി താമസിച്ചിരുന്ന എറണാകുളം പഴങ്ങനാട് സ്വദേശി സെബിന്‍ രാജ് വര്‍ഗീസ് (42) ആണ് വിട പറഞ്ഞത്. ഇന്ന് രാവിലെ യുകെ സമയം 8 മണിക്കാണ് സെബിനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മാന്‍സ്ഫീല്‍ഡ് കിങ്‌സ് മിൽ എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്ക് ചെല്ലാഞ്ഞതിനെ തുടർന്ന് ഹോസ്പിറ്റൽ അധികൃതർ അന്വേഷിച്ചതിനെ തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സ്കൂൾ അവധി ആയതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന കുട്ടികൾക്കായുള്ള സ്ലീപ്പോവറിൽ പങ്കെടുക്കാൻ ഭാര്യ റെയ്‌സയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് കഴിഞ്ഞ ദിവസം താമസിച്ചിരുന്നത്. സെബിന് ഇന്ന് രാവിലെ ഡ്യൂട്ടി ഉള്ളതിനാൽ സ്ലീപ്പോവറിൽ പങ്കെടുത്തിരുന്നില്ല. ഹോസ്പിറ്റലിൽ നിന്നും സെബിനെ വിളിച്ചിട്ട് കിട്ടാഞ്ഞതിനാൽ ഭാര്യ ഉടൻ തന്നെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുള്ള സെബിനെ കണ്ടത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. മക്കള്‍: അനേയ സെബിന്‍, അലോസ സെബിന്‍
2016ലാണ് സെബിന്‍ രാജ് യുകെയിൽ എത്തിയത്. മാൻസ്ഫീൽഡ് വിക്ടോറിയസ് ക്രിക്കറ്റ് ക്ലബിലെ അംഗമായിരുന്ന സെബിൻ മികച്ച ഒരു ക്രിക്കറ്റ് പ്ലെയർ കൂടിയായിരുന്നു. സെബിന്റെ മരണ വിവരം അറിഞ്ഞു യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും മാൻസ്ഫീൽഡിലേക്ക് എത്തിയിട്ടുണ്ട്.
കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പഴങ്ങനാട് കൊടിയൻ വീട്ടിൽ കെ. പി. വർഗീസ് കൊടിയൻ, പരേതയായ അൽഫോൻസ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: റവ. ഫാ. പോൾ രാജ് കൊടിയൻ, ട്രീസ വർഗീസ്. പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് സിറോ മലബാർ കത്തോലിക്കാ ചർച്ചിലെ അംഗങ്ങളാണ് സെബിന്റെ കുടുംബം. സംസ്കാരം പിന്നീട്.









