മാറഞ്ചേരി : പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ പാടശേഖരത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ ശക്തമായ മഴ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തി. ഏകദേശം 60 ഹെക്റ്റർ വിസ്തീർണ്ണമുള്ള മുണ്ടക്കൻ നെൽപ്പാടങ്ങളിൽ 35 ഹെക്റ്ററോളം ഭാഗങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി നശിച്ചിരിക്കുകയാണ്. ബാക്കി പ്രദേശങ്ങളിലെ ഞാറ്റടികളും ദിവസങ്ങളായി വെള്ളത്തിനടിയിലാണ്.
കടം വാങ്ങിയും ലോൺ എടുത്തും പണ്ടം പണയം വച്ചും സമാഹരിച്ച പണത്തിലാണ് കർഷകർ നിലമൊരുക്കലും ഞാറ്റടി തയ്യാറാക്കലും നടീൽ, വളം, കീടനാശിനി പ്രയോഗം തുടങ്ങി മുഴുവൻ കൃഷിപ്രവർത്തനങ്ങളും നടത്തിയത്. ഇതിന് ഏകദേശം 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ചുകഴിഞ്ഞതായാണ് കർഷകർ പറയുന്നത്.
കാലവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മുഴുവൻ നിലയും നശിച്ചതിനാൽ വീണ്ടും കൃഷി ചെയ്യാൻ ആവശ്യമായ നല്ല വിത്തുകളും ലഭിക്കാത്ത അവസ്ഥയിലാണ് അവർ. സ്ഥിതി പരിഗണിച്ച് കൃഷിനാശം സംഭവിച്ച പ്രദേശങ്ങളെ പൂർണമായും നാശവിഭാഗത്തിൽ ഉൾപ്പെടുത്തി മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ. കെ. സുബൈരും കിസാൻ സഭ ജില്ലാ പ്രസിഡന്റ് നിയാസ് പുലിക്കലും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. ബീനയെ നേരിൽ കണ്ട് അഭ്യർത്ഥിച്ചു.










