ന്യൂഡൽഹി: റാഫേൽ ഫൈറ്റർ ജെറ്റിൽ പറന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേന താവളത്തിൽ നിന്നാണ് രാഷ്‌ട്രപതി വിമാനത്തിൽ പറന്നത്. അഞ്ച് മാസം മുമ്പ് പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയപ്പോൾ ഭീകര ക്യാമ്പുകൾ നശിപ്പിക്കുന്നതായി റാഫേൽ വിമാനങ്ങൾ പറന്നുയർന്നത് ഇവിടെ നിന്നായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി റാഫേലിൽ പറക്കുന്നത്.ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡറായ രാഷ്ട്രപതി ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്. 2023 ഏപ്രിൽ എട്ടിന് അസമിലെ തേസ്‌പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് സുഖോയ് 30 എം.കെ.ഐ യുദ്ധ വിമാനത്തിൽ രാഷ്ട്രപതി യാത്ര ചെയ്തിരുന്നു. സുഖോയ് 30 യുദ്ധവിമാനത്തിൽ പറന്ന മൂന്നാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാണ് മുർമു. നേരത്തെ രാഷ്ട്രപതിമാരായ എപിജെ അബ്‌ദുൾ കലാമും പ്രതിഭാ പാട്ടീലും സുഖോയിൽ യാത്ര ചെയ്തിരുന്നു. വ്യോമമേഖലയിലെ ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവിയേഷനാണ് റാഫേൽ നിർമിച്ചത്. അംബാലയിലെ വ്യോമതാവളത്തിൽ 2020ലാണ് റാഫേലുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ഗോൾഡൻ ആരോസ് എന്ന 17 സ്‌ക്വാഡ്രന്റെ ഭാഗമാണ് അവ.











