പാലക്കാട്: പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയിട്ട സംഭവത്തിൽ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കേസെടുത്ത് കൊപ്പം പൊലീസ്. വീട്ടിൽ കയറി അതിക്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വീടിന് തീയിട്ട ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രേംദാസ് ഇപ്പോൾ ചികിത്സയിലാണ്. ഡോക്‌ടറുടെ അനുമതി ലഭിച്ചാലുടൻ ഇയാളുടെ മൊഴി രേഖപ്പെടുത്തും.ഇന്നലെയായിരുന്നു കേസിനാസ്‌പദമായ സംഭവം. മച്ചിങ്ങാതൊടി കിഴക്കേതിൽ ഇബ്രാഹിമിന്റെ വീടിനാണ് പ്രേംദാസ് തീയിട്ടത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിക്കാൻ ശ്രമിക്കുന്നതിനിടെ വീടിനും തീപിടിക്കുകയായിരുന്നു. ശേഷം സ്വയം കഴുത്തറുത്ത് ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വീട്ടുടമസ്ഥൻ ഇബ്രാഹിം ഇയാൾക്ക് ഒരുലക്ഷം ഒരുലക്ഷം രൂപ നൽകാനുണ്ട്. ഇത് നൽകാത്തതിനാലാണ് ഇന്നോവ കാറിന് തീയിട്ടത്. ഇന്നോവ കാറും ഒരു സ്‌കൂട്ടറും പൂർണമായും കത്തി നശിച്ചു. വീട്ടിലെ ഉപകരണങ്ങളും കത്തിനശിച്ചു. വീടും ഭാഗികമായി കത്തിയിട്ടുണ്ട്.പ്രവാസിയായ ഇബ്രാഹിമിന്റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവർ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. പ്രദേശത്ത് നിന്നും ഇബ്രാഹിമിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രേംദാസിന് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്നും മാന്യനാണെങ്കിൽ പണം തിരികെ നൽകണമെന്നും, പണം നൽകാതെ ഇബ്രാഹം മുങ്ങി നടക്കുകയാണെന്നും നോട്ടീസിൽ എഴുതിയിട്ടുണ്ട്.
 
			 
			







