ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ തീവ്രവോട്ടര്‍ പരിഷ്‌കരണം നടപ്പിലാക്കും. ഇന്ന് രാത്രി 12 മണിക്ക് നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന് പുറമെ ആന്തമാന്‍ നിക്കോബാര്‍, ഛത്തീഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നത്.ബിഹാറില്‍ എസ്‌ഐആര്‍ വന്‍ വിജയമായിരുന്നുവെന്ന് സഹകരിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ഓരോ തെരഞ്ഞെടുപ്പിന് മുമ്പും വോട്ടര്‍ പട്ടികയില്‍ പരിഷ്‌കരണം ആവശ്യമാണെന്നും രണ്ടാം ഘട്ടത്തിന്റെ നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ യുണീക്ക് എന്യൂമറേഷന്‍ ഫോം നല്‍കും. നിലവിലെ വോട്ടര്‍ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും ഇതിലുണ്ടാകും. ബിഎല്‍ഒമാര്‍ ഫോമുകള്‍ വിതരണം ചെയ്തുതുടങ്ങിയാല്‍ വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. അങ്ങനെയെങ്കില്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. മാതാപിതാക്കളുടെ പേരുകള്‍ പട്ടികയില്‍ ഉണ്ടെങ്കിലും അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. അനർഹർ പട്ടികയിൽ നിന്നും ഒഴിവാകും.നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ഡിസംബര്‍ ഒമ്പതിന് പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.










