സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 200 മീറ്റര്‍ മത്സരത്തില്‍ മീറ്റ് റെക്കോര്‍ഡ് പെരുമഴ. നടന്ന ആറു മത്സരങ്ങളില്‍ നാലിലും മീറ്റ് റെക്കോര്‍ഡ്.മലപ്പുറത്തിന്റെ ആദിത്യ അജിക്ക് ട്രിപ്പിള്‍ സ്വര്‍ണം. അത്ലറ്റിക് വിഭാഗത്തില്‍ പാലക്കാട് മുന്നേറ്റം തുടരുന്നു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികള്‍ ഇല്ലാതെയാണ് തിരുവനന്തപുരത്തിന്റെ മുന്നേറ്റം
200 മീറ്റര്‍ മത്സരങ്ങളില്‍ സീനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ്, സബ്ജൂനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാടിന്റെ നിവേദ് കൃഷ്ണയും, ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കോഴിക്കോടിന്റെ ദേവനന്ദയും, ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആലപ്പുഴയുടെ ടി.എം അതുലും, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാടിന്റെ എസ്. ആന്‍വിയുമാണ് റെക്കോര്‍ഡ് തിരുത്തിയത്. 100 മീറ്റര്‍ വിഭാഗത്തിലും നാലുപേരും സ്വര്‍ണം നേടിയിരുന്നു. മലപ്പുറത്തിന്റെ ആദിത്യ അജി ട്രിപ്പിള്‍ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഫോട്ടോ ഫിനിഷില്‍ ആയിരുന്നു ആദിത്യയുടെ നേട്ടം. 100 മീറ്ററിലും, 100 മീറ്റര്‍ ഹര്‍ഡില്‍സിലും ആയിരുന്നു നേരത്തെ ആദിത്യ സ്വര്‍ണം നേടിയത്.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ സഞ്ജയ് സ്വര്‍ണം നേടി. സഞ്ജയ്, നിവേദ് കൃഷ്ണ, ടി.എം അതുല്‍, ദേവനന്ദ എന്നിവര്‍ സ്പ്രിന്റ് ഡബിളും സ്വന്തമാക്കി. അത്ലറ്റിക് വിഭാഗത്തില്‍ 16 സ്വര്‍ണവുമായി 134 പോയിന്റോടെ പാലക്കാടാണ് ഒന്നാമത്. 10 സ്വര്‍ണവുമായി 106 പോയിന്റോടെ മലപ്പുറം രണ്ടാമതാണ്. അക്വാട്ടിക്‌സില്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ഓവറോള്‍ കിരീടവും ഉറപ്പിച്ചു. 1482 പോയിന്റുള്ള തിരുവനന്തപുരത്തിന് എതിരാളികള്‍ ഇല്ല.







