ചങ്ങരംകുളം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പ്രധാനമന്ത്രി സ്കൂൾ ഫോർ റേസിംഗ് ഇന്ത്യ (പി എം ശ്രി ) കേരളത്തിൽ നടപ്പിലാക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ചങ്ങരംകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കുകയാണെന്നും ശാസ്ത്ര പിന്തുണ ഇല്ലാത്തതും യഥാർത്ഥ ചരിത്രത്തെ തിരസ്കരിക്കുന്നതുമായ പുതിയ ചരിത്ര നിർമിതി ആണെന്നും ഫെഡറലിസത്തിനെതിരെ ആണെന്നും പറഞ്ഞ് ദേശീയ വിദ്യാഭ്യാസ നയത്തെ (എൻ ഇ പി ) ശക്തമായി എതിർക്കുകയും ഒരു കാരണവശാലും കേരളത്തിൽ നടപ്പിലാക്കുകയില്ലെന്ന് ആവർത്തിക്കുകയും ചെയ്ത ഇടതു സർക്കാരാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖല ആർഎസ്എസിന് തീറെഴുതി കൊടുത്തിരിക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം ശക്തമായ പ്രതിഷേധം ഉയർത്തണം. എസ്ഡിപിഐ ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനത്തിന് റഷീദ് പെരുമുക്ക്, കരീം ആലങ്കോട്, ഷംനാസ് മുക്കുതല, വി പി അബ്ദുൽ ഖാദർ, അലി കക്കിടിപ്പുറം എന്നിവർ നേതൃത്വം നൽകി.







