ചങ്ങരംകുളം: ടൗൺ നവീകരണത്തിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകളും,ഗതാഗതക്കുരുക്കും, വളയംകുളം മുതൽ കോക്കൂർ ടെക്നിക്കൽ സ്കൂൾ വരെയുള്ള റോഡുകൾ ജലപദ്ധതിക്ക് വേണ്ടി വെട്ടിമുറിച്ചതും വ്യാപാരികളെയും പൊതുജനങ്ങളെയും ദുരിതത്തിലാഴ്ത്തുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.കച്ചവടം ഗണ്യമായി കുറഞ്ഞു പലരും കടപൂട്ടി പോകേണ്ടി വന്നു.വാഹനഗതാഗതം ഏറെ ദുഷ്കരമായിരിക്കുന്നു.കുറഞ്ഞ സമയം കൊണ്ട് പൂർത്തീകരിക്കുമെന്ന പറഞ്ഞ പദ്ധതികളാണ് അനന്തമായി നീണ്ടു പോകുന്നതെന്നും കൂടാതെ പഞ്ചായത്ത് ഓഫീസ്,പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജനങ്ങളെ വലക്കുകയാണെന്നും ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നും ലഭ്യമല്ലെന്നും അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നും
വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.പഞ്ചായത്ത് കെട്ടിട നിർമാണത്തിലും,ടൗൺ വികസന പ്രവർത്തനങ്ങളിലും ഉയർന്ന് വന്ന അഴിമതി ആരോപണങ്ങളുടെ നിജസ്ഥിതി ബന്ധപ്പെട്ട ആളുകൾ വ്യക്തമാക്കേണ്ടതുണ്ടെന്നും യോഗം ആവശ്യപ്പെട്ടു.ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ,ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ വെൽഫയർ പാർട്ടി മത്സരിക്കും.പൊന്നാനി മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.വി മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു.റുക്സാന ഇർശാദ്,എം.കെ അബ്ദുറഹ്മാൻ, റഷീദ റഫീഖ്, സുലൈമാൻ എ.എം.സി.പി.ഫൈസൽ സംസാരിച്ചു.ടി. വി അബ്ദുറഹിമാൻ സ്വഗതവും സലീം പുത്തൻ പുരക്കൽ നന്ദിയും പറഞ്ഞു.











