സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മാട്രിമോണിയൽ തട്ടിപ്പിലൂടെ പണം തട്ടിയ ദമ്പതികൾ പത്തനംതിട്ടയിൽ അറസ്റ്റിൽ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിക്ക് അപമാനമുണ്ടാക്കും വിധം ഫോട്ടോയും വ്യക്തിവിവരങ്ങളും മാട്രിമോണിയൽ സൈറ്റുകളിൽ പ്രസിദ്ധീകരിച്ച് പണം തട്ടിയ കേസിൽ പെരിങ്ങനാട് തെക്ക് നിധിൻ ഭവനം വീട്ടിൽ നിന്നും ഏഴംകുളം പറക്കോട് എംജിഎം സ്കൂളിന് സമീപം നിധിൻ ഭവനം വീട്ടിൽ താമസിക്കുന്ന കെ സി രാജൻ (54), ഇയാളുടെ ഭാര്യ ബിന്ദു രാജൻ(48) എന്നിവരാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.കേസിലെ ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.ഒന്നും രണ്ടും പ്രതികൾ ചേർന്നാണ് മാട്രിമോണിയൽ സൈറ്റ് നടത്തിയത്. ഒന്നാം പ്രതിയുടെ ഫോണിൽ നിന്നും ഫോട്ടോയും മറ്റു വിവരങ്ങളും സൈറ്റുകളിൽ അയക്കുകയും, അങ്ങനെ കിട്ടിയ പണം രണ്ടാം പ്രതി നേരിട്ടും മൂന്നാം പ്രതി ഗൂഗിൾപേ വഴിയും കൈപ്പറ്റി എന്നുമാണ് കേസ്.തന്‍റെ ചിത്രങ്ങള്‍ മാട്രിമോണിയല്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയ രേഖ എന്ന യുവതി നടത്തിയ നീക്കമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ രേഖ തന്റെ ചിത്രങ്ങൾ മാട്രിമോണിയിൽ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയതോടെയാണ് പ്രതികളെ കുടുക്കാനുള്ള നീക്കം നടത്തിയത്. തന്റെ സഹോദരന് വിവാഹാലോചനയ്ക്കായി. ആദ്യം ഇവർ തട്ടിപ്പ് സംഘത്തെ സമീപിച്ചു. യുവതിയോടും സംഘം ഗൂഗിൾ പേ വഴി പണം ആവശ്യപ്പെട്ടു. എന്നാൽ ഈ സമയം പത്തനംതിട്ട പോലീസിനും ഇവർ പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദമ്പതികളെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഒന്നാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.