രണ്ടു ദിവസം മുൻപാണ് സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രം നേരിട്ട പ്രധാന വിമർശനം തിയേറ്ററിൽ അനുഭവപ്പെടുന്ന അമിത ശബ്ദമായിരുന്നു. ഇതേത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് നിർമാതാവ് കെ.ഇ.ജ്ഞാനവേൽ രാജ. തിയേറ്ററുകളിൽ സിനിമയുടെ വോളിയം മൈനസ് രണ്ട് ആയി കുറയ്ക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ചമുതൽ പുതിയ സൗണ്ട് ക്വാളിറ്റിയിലാകും സിനിമയെത്തുകയെന്ന് ജ്ഞാനവേൽ രാജ അറിയിച്ചു. തെലുങ്ക് ഓൺലൈൻ മാധ്യമമായ ആകാശവാണിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൃശ്യാനുഭവവുമായി ബന്ധപ്പെട്ട് മറ്റുപരാതികളൊന്നുംതന്നെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നിർമാതാവ് പറഞ്ഞു. അജിത്തിനൊപ്പമുള്ള ചിത്രം പൂർത്തിയായാലുടൻ കങ്കുവ രണ്ടാം ഭാഗത്തിന്റെ ജോലികൾ സംവിധായകൻ ശിവ ആരംഭിക്കും. ആദ്യഭാഗത്തേക്കാൾ വലിയ കാൻവാസിലാകും രണ്ടാം ഭാഗം വരിക. കങ്കുവയ്ക്ക് കിട്ടുന്ന പ്രേക്ഷക പ്രതികരണത്തിൽ സന്തോഷമുണ്ട്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയാണ്. വലിയ ഓപ്പണിങ് കളക്ഷനാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ചിത്രത്തിന്റെ ഉയർന്ന ശബ്ദവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും ഈ വിമർശനം ഉന്നയിച്ചിരുന്നു. നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ച് ഇത്തരത്തിലൊരു അവലോകനം കാണുമ്പോൾ നിരാശയുണ്ടെന്നും തലവേദനയോടെ പ്രേക്ഷകർ തിയറ്റർ വിട്ടാൽ ഒരു സിനിമയ്ക്കും ആവർത്തന മൂല്യമുണ്ടാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.