ഏറെ നേരത്തെ സാങ്കേതിക തടസ്സത്തിനൊടുവിൽ പ്രവർത്തനം പുനരാരംഭിച്ച് യുട്യൂബ്. ബുധനാഴ്ച വൈകുന്നേരം മുതലായിരുന്നു തടസ്സം നേരിട്ടത്. യൂട്യൂബിന്റെ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ടിവി എന്നിവയിലും തടസ്സം അനുഭവപ്പെട്ടതായി നിരവധി പരാതികളാണ് ഉയർന്നത്. ഒരു മണിക്കൂറിലേറെ യൂട്യൂബ് സേവനങ്ങൾ പ്രവർത്തനരഹിതമായിരുന്നു.വിഡിയോ പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ കറുത്ത സ്‌ക്രീൻ കാണപ്പെടുകയും, പ്ലേബാക്ക് ചെയ്യുന്നതിലുള്ള പ്രശ്നം , ആപ്പ് ക്രാഷുകൾ, ലോഗിൻ പ്രശ്നങ്ങൾ തുടങ്ങിയ അനുഭവപ്പെട്ടതായി നിരവധി ഉപയോക്താക്കൾ പ്രതികരിച്ചു. ഉപയോക്താക്കൾ നേരിട്ട പ്രശ്നങ്ങളിൽ 54% വീഡിയോ, മ്യൂസിക് സ്ട്രീമിംഗുമായി ബന്ധപെട്ടതായിരുന്നുവെന്ന് ഡൗൺ ഡിറ്റക്ടീറും പ്ലാറ്റ്‌ഫോം സ്ഥിരീകരിച്ചു.
ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങളിലാണ് യൂട്യൂബിന്റെ സേവനങ്ങൾ താൽകാലികമായി തടസ്സപ്പെട്ടത്. അമേരിക്കയിൽ നിന്നാണ് ഏറ്റവുമധികം പരാതികൾ കമ്പനിക്ക് ലഭിച്ചത്. മുൻപും നിരവധി തവണ ഇത്തരത്തിൽ പ്രവർത്തനരഹിതമായിട്ടുണ്ടെങ്കിലും ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ ഇങ്ങനെ ഉണ്ടാകുന്നത് ഇത് ആദ്യമായാണ്. നിലവിൽ ഈ പ്രശ്നത്തെക്കുറിച്ച് യൂട്യൂബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.










