അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമായി ലയണൽ മെസി. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ പോർട്ടോ റിക്കോയ്ക്കെതിരെ രണ്ട് അസിസ്റ്റുകൾ കൂടി നേടിയതോടെയാണ് ചരിത്ര നേട്ടത്തിലേക്ക് മെസി എത്തിയത്.60 അസിസ്റ്റുകളാണ് 195 മത്സരങ്ങളിൽ നിന്ന് മെസി ഇതുവരെ നൽകിയത്. 115 ഗോളുകളും നേടി. കരിയറിലെ താരത്തിന് 398 അസിസ്റ്റുകളായി. ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ പേരിലുള്ള റെക്കോർഡാണ് മെസി തകർത്തത്. 128 മത്സരങ്ങളിൽ നിന്ന് താരം 59 അസിസ്റ്റുകൾ നേടിയിരുന്നു. 79 ഗോളുകളാണ് നെയ്മറിന്റെ സംഭാവന.അതേ സമയം പോർട്ടോ റിക്കോയ്ക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ വമ്പൻ ജയമാണ് അർജന്റീന നേടിയത്. ലയണൽ മെസ്സി രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞ മത്സരത്തിൽ ലൗത്താരോ മാര്‍ട്ടിനെസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. ഗോണ്‍സാലോ മോണ്ടിയെല്‍ ഒരു ഗോൾ നേടിയപ്പോൾ ഒരു ഗോൾ പോർട്ടോ റിക്കോയുടെ സെൽഫ് ഗോൾ ആയിരുന്നു.











