മലപ്പുറം:ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുന്ന സ്ഥലവും തീയതിയും പ്രഖ്യാപിച്ചു.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പിനു കലക്ടറും നഗരസഭകളുടേതിനു തദ്ദേശഭരണ ജില്ലാ ജോയിന്റ് ഡയറക്ടറും നേതൃത്വം നൽകും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നഗരസഭകളുടേത് ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫിസിലും നടക്കും.വനിത, പട്ടികജാതി വനിത, പട്ടികജാതി ജനറൽ, പട്ടികവർഗ വനിത, പട്ടികവർഗ ജനറൽ എന്നീ സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനത്തിലും പകുതി സീറ്റുകൾ വനിതകൾക്കു സംവരണം ചെയ്യും. 21 സീറ്റുകളുള്ള തദ്ദേശ സ്ഥാപനത്തിൽ 11 എണ്ണം വനിതാ സംവരണമായിരിക്കും.
20 സീറ്റിൽ 2 എസ്‌സി വനിതാ സംവരണമുണ്ടെങ്കിൽ ആകെയുള്ള 10 എണ്ണത്തിൽ രണ്ടെണ്ണം എസ്‌സി വനിതകൾക്കു നീക്കിവച്ചാൽ മതി. തുടർച്ചയായി രണ്ടു തവണ സംവരണ വിഭാഗത്തിൽപെട്ട വാർഡുകൾ നീക്കിവച്ചായിരിക്കും നറുക്കെടുപ്പ്.വിഭജനത്തിനു ശേഷം, മുൻ വാർഡിലെ 50 ശതമാനത്തിനു മുകളിൽ വോട്ടർമാർ എവിടെയാണോ അതായിരിക്കും നേരത്തേയുള്ള സംവരണ വാർഡായി കണക്കാക്കുക. ജില്ലയിലെ നറുക്കെടുപ്പിന്റെ തീയതിയും സ്ഥലവും ഇങ്ങനെയാണ്.
പഞ്ചായത്ത്
(എല്ലാ ദിവസവും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10നാണ് നറുക്കെടുപ്പ്)
▪️ഒക്ടോബർ 13
നിലമ്പൂർ, വണ്ടൂർ, മലപ്പുറം, വേങ്ങര ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള പഞ്ചായത്തുകൾ
▪️ഒക്ടോബർ 14
മങ്കട, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള പഞ്ചായത്തുകൾ
▪️ഒക്ടോബർ 15
അരീക്കോട്, കാളികാവ്, പെരിന്തൽമണ്ണ ബോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള പഞ്ചായത്തുകൾ
▪️ഒക്ടോബർ 16
തിരൂർ, താനൂർ, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള പഞ്ചായത്തുകൾ.
നഗരസഭ
▪️ഒക്ടോബർ 16
രാവിലെ 10 മണിക്ക് തദ്ദേശഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
ജില്ലയിലെ 12 നഗരസഭകളിലെയും സംവരണ തിരഞ്ഞെടുപ്പ് 16ന് രാവിലെ നടക്കും
ബ്ലോക്ക് പഞ്ചായത്ത്
▪️ഒക്ടോബർ 18
രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാൾ
15 ബ്ലോക്ക് പഞ്ചായത്തുകളിലെയും സംവരണ നറുക്കെടുപ്പ് 18ന് രാവിലെ 10ന് നടക്കും
ജില്ലാ പഞ്ചായത്ത്
▪️ഒക്ടോബർ 16
രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാൾ