ചങ്ങരംകുളം:ഗസ്സയിലെ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളുടെ ഏകദിന ഉപവാസവും ഐക്യദാർഢ്യ റാലിയും. വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ.എസ്.എസ് യൂനിറ്റ് ‘എ ഫാസ്റ്റ് ഫോർ ഹ്യുമാനിറ്റി’ എന്നപേരിൽ ഒരു ദിവസത്തെ ഉപവാസസമരവും ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു.
ഐക്യദാർഢ്യ റാലി ചങ്ങരംകുളം ബസ് സ്റ്റാന്റിൽ നിന്ന് ആരംഭിച്ച് സമര പന്തലിൽ അവസാനിച്ചു.ചങ്ങരംകുളം ടൗണിൽ ബസ് സ്റ്റോപ്പിന് സമീപം പ്രത്യേകം സജ്ജമാക്കിയ സമരപന്തലിൽ രാവിലെ 10ന് ആരംഭിച്ച ഉപവാസം അസ്സബാഹ് മാനേജ്‌മെന്റ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ കുഞ്ഞി മുഹമ്മദ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ഗസ്സയിലെ യുദ്ധ ക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് പിന്തുണ അറിയിച്ചുള്ള വിവിധ പരിപാടികളും ചടങ്ങിൽ നടന്നു.പരിപാടിയുടെ ഭാഗമായി നടന്ന ആന്റി-വാർ കൺവെൻഷനിൽ അഡ്വ സിദ്ധീഖ് പന്താവൂർ യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു.
പരിപാടിക്ക് എൻ.എസ്. എസ് പ്രോഗ്രാം ഓഫിസർ പി.അബ്ദുറഹ്‌മാൻ നേതൃത്വം നൽകി.അസ്സബാഹ് മാനേജ്‌മെന്റ് ഭാരവാഹികളായ മുഹമ്മദ് ഉണ്ണി ഹാജി, അബ്ദുൽ റസാഖ്, സലാം മാസ്റ്റർ , ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.പി ഖാലിദ്, അസ്സബാഹ് പി.ട്ടി.എ പ്രസിഡന്റ് ബഷീർ , സി.എം യുസഫ് ,സിനി ആർട്ടിസ്റ്റ് ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.







