ഇന്ത്യൻ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശർമ്മയ്ക്ക് പകരം ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഗിൽ ഇന്ത്യയെ നയിക്കും. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഗിൽ. വിരാട് കോഹ്ലിയും രോഹിത് ശർമയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന ടീമിന്റെ ഭാഗമാകും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ.2021 ഡിസംബറിലാണ് രോഹിത് ശര്‍മ ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത്.56 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച രോഹിത്ത് 42 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.ഈ വർഷം നടന്ന ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യയ്ക്കായി കിരീടം വിജയിച്ച ശേഷമാണ് രോഹിത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്.2027 ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ഐസിസി ലോകകപ്പ് മുന്നിൽ കണ്ടാണ് ഗില്ലിനെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.ഏഷ്യാ കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച അഭിഷേക് ശര്‍മയ്ക്കും, സഞ്ജു സാംസണും ഏകദിന ടീമിൽ ഇടം ലഭിച്ചില്ല.അതേസമയം ഇരുവരെയും ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എൽ. രാഹുലും ധ്രുവ് ജുറേലുമാണ് ഏകദിന ടീമിലെ വിക്കറ്റ് കീപ്പർമാർ.ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ ഉണ്ടായ കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടർന്ന് ഋഷഭ് പന്തിനെ ഏകദിന, ടി20 ടീമുകളാൽ ഉൾപ്പെടുത്തിയിട്ടില്ല.ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ.ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ











