പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതികത്തകരാര്‍ സംഭവിച്ചു. ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാങ്കേതികപ്രശ്‌നം പരിഹരിക്കുന്നതുവരെ വിമാനം എയര്‍പോര്‍ട്ടില്‍ത്തന്നെ തുടരുന്നതിനാല്‍ മോദിയുടെ ഡല്‍ഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഝാര്‍ഖണ്ഡില്‍ ഇന്ന് രണ്ട് തിരഞ്ഞെടുപ്പു റാലികളിലാണ് മോദി പങ്കെടുത്തത്. ഗോത്രവര്‍ഗ നേതാവായ ബിര്‍സ മുണ്ടയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജന്‍ജാതീയ ഗൗരവ് ദിവസ് പരിപാടികളുമായി ബന്ധപ്പെട്ടായിരുന്നു റാലികള്‍. ഝാര്‍ഖണ്ഡില്‍ നവംബര്‍ 20-ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയുടെ സന്ദര്‍ശനം.
അതേസമയം ദേവ്ഘറില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ, എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള ക്ലിയറന്‍സ് കാത്ത് രാഹുല്‍ ഗാന്ധിയുടെ ഹെലിക്കോപ്ടര്‍ മുക്കാല്‍ മണിക്കൂറോളം നിലത്തുനിര്‍ത്തി. തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയതാണ് രാഹുല്‍ ഗാന്ധിയും.