അഫ്ഗാനിസ്ഥാനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് താലിബാന്‍ സര്‍ക്കാര്‍. ഇതോടെ ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായി. ഇന്റര്‍നെറ്റ് സദാചാരവിരുദ്ധമാണെന്ന വാദം ഉയര്‍ത്തിയാണ് ഈ നടപടി.ആഴ്ചകളായി ഫൈബര്‍ ഒപ്ടിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കെതിരെ കര്‍ശന നടപടിയാണ് താലിബാന്‍ കൈക്കൊള്ളുന്നത്. രാജ്യത്ത് പൂര്‍ണമായും ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടുവെന്ന് ഇന്റര്‍നെറ്റ് നിരീക്ഷകരായ നെറ്റ്‌ബ്ലോക്ക്‌സ് അറിയിച്ചു. തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടമായെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ്, സാറ്റലൈറ്റ് ടി വി എന്നിവയും തടസ്സപ്പെട്ടു.2021ല്‍ അധികാരത്തില്‍ വന്നത് മുതല്‍ നിരവധി നിരോധനങ്ങളാണ് താലിബാന്‍ ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്റര്‍നെറ്റ് നിരോധനം തുടരുമെന്നാണ് താലിബാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതോ അവിടെ നിന്ന് പുറപ്പെടേണ്ടതോ ആയ എട്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇൻ്റർനെറ്റിന് ബദൽ സംവിധാനം ഒരുക്കുമെന്നാണ് താലിബാൻ പറയുന്നത്.