ബംഗളുരു: മാട്രിമോണി വെബ്സൈറ്റുകൾ വഴി സ്ത്രീകളെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. എട്ട് സ്ത്രീകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ ഇയാൾ വർഷങ്ങളായി പൊലീസിന് കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശിയായ മധു എന്നയാളാണ് പിടിയിലായത്. വ്യാപാര സ്ഥാപനം നടത്തിയിരുന്ന മധു ഒരു പ്രമുഖ കന്നഡ മാട്രിമോണി വെബ്‍സൈറ്റ് വഴിയാണ് തട്ടിപ്പിന് സ്ത്രീകളെ കണ്ടെത്തിയത്. വിവാഹ ആലോചനകൾക്കായി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇവരുമായി സംസാരിച്ച് പരിചയം സ്ഥാപിക്കുകയും അടുത്ത പടിയായി ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് വിവിധ കാര്യങ്ങൾക്കായി സ്ത്രീകളിൽ നിന്ന് പണം ആവശ്യപ്പെട്ടു. എട്ട് സ്ത്രീകളെയാണ് ഇതേ തരത്തിൽ കബളിപ്പിച്ചത്. ഇവരിൽ നിന്ന് ആകെ 62.83 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു. ബംഗളുരുവും ചിക്കമംഗളുരുവും ഉൾപ്പെടെ അഞ്ചോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഒരു സ്ത്രീയിൽ നിന്ന് മാത്രം 21 ലക്ഷം രൂപ കബളിപ്പിച്ച് കൈപ്പറ്റിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. 2019ലാണ് ഈ പരാതികൾ പൊലീസിന് ലഭിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ മുങ്ങി. കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.