അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റ് ഉള്ള മരുന്നുകൾക്കും 2025 ഒക്ടോബർ 1 മുതൽ 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. മരുന്ന് നിർമാതാക്കൾ രാജ്യത്ത് പ്ലാന്‌റുകൾ നിർമിക്കുന്നില്ലെങ്കിൽ മാത്രമാണ് ഈ തീരുവ ബാധകമാകുക. “2025 ഒക്ടോബർ 1 മുതൽ, ഏതെങ്കിലും ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റ് ഉള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നത്തിന് ഞങ്ങൾ 100% തീരുവ ചുമത്തും, കമ്പനി അമേരിക്കയിൽ അവരുടെ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ പ്ലാന്റ് നിർമ്മിക്കുന്നില്ലെങ്കിൽ,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പ്ലാന്‌റ് നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഈ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് തീരുവ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.ഇന്ത്യയെ ബാധിക്കുമോ?ഈ വർഷം ഓഗസ്റ്റിൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ തീരുവ ഏർപ്പെടുത്തുന്നത് ഇന്ത്യൻ ഫാർമ കമ്പനികളുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. കാരണം, ഇന്ത്യയുടെ മൊത്തം ഫാർമ കയറ്റുമതിയുടെ ഏകദേശം 40 ശതമാനവും യുഎസ് വിപണിയിലേക്കാണ്.ട്രംപ് ഇന്ത്യൻ ഫാർമ കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയാൽ, 2026 സാമ്പത്തിക വർഷത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വരുമാനം 5 മുതൽ 10 ശതമാനം വരെ കുറഞ്ഞേക്കാമെന്നും റിപ്പോർട്ട് എടുത്തു കാണിച്ചു. കാരണം, നിരവധി വലിയ ഇന്ത്യൻ ഫാർമ കമ്പനികളുടെ മൊത്തം വരുമാനത്തിന്റെ 40 മുതൽ 50 ശതമാനം വരെ യുഎസ് വിപണിയിൽ നിന്നാണ് ലഭിക്കുന്നത്.2025 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ ഏകദേശം 40 ശതമാനം യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കായിരുന്നു. യുഎസ്സിന്റെ മൊത്തം ഫാർമ ഇറക്കുമതിയിൽ 2024-ൽ ഇന്ത്യയുടെ പങ്ക് 6 ശതമാനമായിരുന്നു.ഫാർമ കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത കുറയ്ക്കുകയും ലാഭവിഹിതത്തിൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യും, കാരണം കമ്പനികൾക്ക് ഉയർന്ന ചെലവുകൾ ഉപഭോക്താക്കളിലേക്ക് കൈമാറാൻ കഴിഞ്ഞേക്കില്ല എന്നും റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു.മറ്റ് വീട്ടുപകരണങ്ങൾക്കും തീരുവഒക്ടോബർ 1 മുതൽ കിച്ചൺ കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനവും, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25 ശതമാനവും ഇറക്കുമതി നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. ഈ തീരുവകൾക്ക് ട്രംപ് നിയമപരമായ ഒരു ന്യായീകരണവും നൽകിയില്ലെങ്കിലും, ഇറക്കുമതി ചെയ്യുന്ന കിച്ചൺ കാബിനറ്റുകൾക്കും സോഫകൾക്കുമുള്ള നികുതി “ദേശീയ സുരക്ഷയ്ക്കും മറ്റ് കാരണങ്ങൾക്കും” ആവശ്യമാണെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പ്രസ്താവിച്ചു.പണപ്പെരുപ്പം യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഇനി ഒരു വെല്ലുവിളിയല്ലെന്ന് പ്രസിഡന്റ് തുടർന്നും അവകാശപ്പെടുന്നു. യുഎസിൽ, ഉപഭോക്തൃ വില സൂചിക കഴിഞ്ഞ 12 മാസത്തിനിടെ 2.9 ശതമാനം വർധിച്ചു, ട്രംപ് ആദ്യമായി വലിയ ഇറക്കുമതി നികുതികൾ ഏർപ്പെടുത്തിയ ഏപ്രിലിലെ വാർഷിക നിരക്കായ 2.3 ശതമാനത്തിൽ നിന്നാണിത് വർധിച്ചത്.2024-ൽ അമേരിക്ക ഏകദേശം 233 ബില്യൺ ഡോളർ മൂല്യമുള്ള ഫാർമസ്യൂട്ടിക്കൽ, ഔഷധ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തുവെന്ന് അസോസിയേറ്റഡ് പ്രസ്സ് സെൻസസ് ബ്യൂറോയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.ഭവന ദൗർലഭ്യതയും ഉയർന്ന മോർട്ട്ഗേജ് നിരക്കുകളും കാരണം വീട് വാങ്ങാൻ ശ്രമിക്കുന്ന പലർക്കും വില താങ്ങാനാവാത്ത ഒരു സമയത്ത്, പുതിയ കാബിനറ്റുകൾക്കുള്ള തീരുവ ഭവന നിർമ്മാതാക്കൾക്കുള്ള ചെലവുകൾ ഇനിയും വർധിപ്പിക്കുമെന്ന് എപി പറഞ്ഞു.വിൽപന ലിസ്റ്റിംഗുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ 11.7 ശതമാനം വർദ്ധിച്ചതിനാൽ വില സമ്മർദ്ദം കുറയുന്നതിന്റെ സൂചനകളുണ്ടെന്ന് നാഷണൽ അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, നിലവിലുള്ള ഒരു വീടിന്റെ ശരാശരി വില $422,600 ആയിരുന്നു.റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്‌ക്കെതിരേ ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ 50 ശതമാനം തീരുവ ചുമത്തിയത്. ആദ്യം 25 ശതമാനം തീരുവ ചുമത്തിയ ട്രംപ് ഭരണകൂടം, ഓഗസ്റ്റ് 27 മുതല്‍ ഇത് 50 ശതമാനമാക്കി വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് മരുന്നുകള്‍ക്ക് 100 ശതമാനം വരെ തീരുവയും പ്രഖ്യാപിച്ചിരിക്കുന്നത്.