ഇടുക്കിയിൽ പോലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവ് കിണറ്റിൽ വീണു.ഫയർ ഫോഴ്‌സും പോലീസും ചേർന്ന് മണികൂറുകൾക്ക് ശേഷം ഇയാളെ രക്ഷപെടുത്തി. ഇടുക്കി നെടുംകണ്ടത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ നെടുംകണ്ടം സ്വദേശി നജ്മൽ ആണ് കിണറ്റിൽ വീണത്.കഴിഞ്ഞ രാത്രി എട്ട് മണിയോടെയാണ് സംഭവം. ലഹരി വസ്തുക്കൾ കടത്തുന്നു എന്ന സൂചനയെ തുടർന്ന് പോലീസ് നെടുംകണ്ടം കൈലാസപാറ ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയം ബൈക്കിൽ നജ്മലും മറ്റൊരു യുവാവും എത്തുകയായിരുന്നു. പോലീസ് വാഹനം തടഞ്ഞ ഉടനെ നജ്മൽ സമീപത്തെ കൃഷിയിടത്തിലേക്ക് ഇറങ്ങി ഓടി. നാട്ടുകാരും പോലീസും ചേർന്ന് അൽപസമയം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഈ സമയം മേഖലയിലെ ഒരു പൊട്ട കിണറ്റിൽ വീണ യുവാവ് പൈപ്പിൽ പിടിച്ചു കിടന്നു. പിന്നീട് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സാധിയ്ക്കാതെ വന്നതോടെ കരഞ്ഞു ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയും 12.30 ഓടെ രക്ഷപെടുത്തുകയുമായിരുന്നു.നജ്മലിന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ശ്രീകുട്ടന്റെ പക്കൽ നിന്നും പോലിസ് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.