കേരളത്തിൽ പന്ത് തട്ടാനെത്തുന്ന അർജൻ്റീനക്ക് എതിരാളി ഓസ്‌ട്രേലിയൻ ദേശീയ ഫുട്ബോൾ ടീം. കൊച്ചിയിലെ സൗഹൃദ മത്സരത്തില്‍ കങ്കാരുപ്പടയുമായി മെസിപ്പട കൊമ്പുകോർക്കും. മത്സരകാര്യത്തിൽ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഓഗസ്റ്റിൽ സ്ഥിരീകരിച്ചിരുന്നു. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം.ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ടീം വരുന്ന കാര്യം സ്ഥിരീകരിച്ചിരുന്നത്. നിരവധി പേരാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നത്. മലയാളത്തില്‍ ആണ് കൂടുതല്‍ കമന്റുകളും നിറഞ്ഞിരിക്കുന്നത്. ഹബീബി, വെല്‍കം ടു കേരള, മെസി വെല്‍കം ടു കേരള അങ്ങനെ നിരവധി കമന്റുകള്‍ കാണാമായിരുന്നു. കേരളത്തിൽ പതിറ്റാണ്ടുകളായി ശക്തമായ ഫാൻ ബേസുള്ള ടീമാണ് അർജൻ്റീന.