കുന്നംകുളം: ചിറ്റഞ്ഞൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പെരുമ്പിലാവ് സ്വദേശികളായ 55 വയസ്സുള്ള രാജൻ 26 വയസ്സുള്ള പാർവതി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ചിറ്റഞ്ഞൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഈ വാഹനത്തിൽ തട്ടി സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. കുന്നംകുളം പുത്തൻപള്ളി റൂട്ടിൽ സർവീസ് നടക്കുന്ന സുബൈദ ബസ്സിനടിയിലേക്കാണ് സ്കൂട്ടർ ഇടിച്ചു കയറിയത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് സ്കൂട്ടറിനും സ്വകാര്യബസ്സിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.







