പത്തനംതിട്ട:ചരൽകുന്നിൽ ക്രൂരപീഡനത്തിന് ഇരയായ യുവാക്കൾക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതിന്റെ തുടർച്ചയായാണ് മർദനമുണ്ടായതെന്നും പൊലീസ്. മർദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർക്കു രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ സെക്സ് ചാറ്റ് നടത്തിയിരുന്നു. ഇത് രശ്മിയുടെ ഭർത്താവ് ജയേഷ് കണ്ടെത്തിയതിനെ തുടർന്നു വഴക്കുണ്ടായി. പിന്നീട‌് രശ്മിയും ജയേഷുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകുകയും ചെയ്തു. പക്ഷേ യുവാക്കളോടുള്ള പക സൂക്ഷിച്ച ജയേഷ് രശ്മിയുടെ സഹായത്തോടെ അവരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം
സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയെയും അഞ്ചിന് റാന്നി സ്വദേശിയെയും ചരൽകുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തിയായിരുന്നു ക്രൂരമായി മർദിച്ചത്. അതിന്റെ വിഡിയോ എടുക്കുകയും ചെയ്തു. രശ്മിയുമായുള്ള ചാറ്റുകളും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിലുണ്ടെന്ന സംശയത്തിലാണ് പീഡനമെന്നു കരുതുന്നു. രശ്മി യുവാക്കളെ മർദിക്കാൻ സ്വമനസ്സാലെ തയാറായതാണോ അതോ ജയേഷിന്റെ സമ്മർദം മൂലം കൂട്ടുനിന്നതാണോ എന്നതിൽ വ്യക്തതയില്ല. ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ മർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ഉണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്
മർദനത്തിനു മുൻപ് ആഭിചാരക്രിയ നടത്തിയെന്നും പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇരയായ യുവാവ് പറഞ്ഞിരുന്നു. ഇതിൽ ആഭിചാരം നാടകമായിരുന്നെന്നും അന്വേഷണമുണ്ടായാൽ വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നും പൊലീസ് കരുതുന്നതായാണ് സൂചന.
ക്രൂരമർദനത്തിനു ശേഷം അവശനായ റാന്നി സ്വദേശിയെ ജയേഷും രശ്മിയും റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പക്ഷേ എന്താണു സംഭവിച്ചതെന്ന് പൊലീസിനോടു പറയാൻ ആദ്യം യുവാവ് തയാറായിരുന്നില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്.







