ആകാംഷയോടെ കാത്തിരുന്ന ഐഫോൺ 17 സീരീസ് ആപ്പിൾ അവതരിപ്പിച്ചു. ‘Awe Dropping’ എന്ന ആപ്പിളിന്റെ ലോഞ്ച് ഇവന്റിലാണ് പുതിയ ഐഫോൺ മോഡലുകൾ അവതരിപ്പിച്ചത്. ഐഫോൺ 17 സീരീസ് ഇന്ത്യൻ വിപണിയിൽ 82,900 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും. പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കുന്ന പതിവ് പോലെ, കഴിഞ്ഞ വർഷത്തെ ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളുടെ വിലയിൽ ആപ്പിൾ താരതമ്യേന കുറവ് വരുത്തിയിട്ടുണ്ട്.
ഐഫോൺ 16 ന്റെ 128ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോൾ 69,900 രൂപയാണ് വില. ഫോണിന്റെ 256ജിബി വേരിയന്റ് ഇപ്പോൾ ഐഫോൺ 16 പ്ലസ് മോഡലിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. കൂടാതെ, ഇരു ഫോണുകളുടെയും 512ജിബി സ്റ്റോറേജ് ഓപ്ഷൻ കമ്പനി നിർത്തിവച്ചു. ഐഫോൺ 16 പ്രോയും പ്രോ മാക്സും കമ്പനി നിർത്തലാക്കി. സ്റ്റോക് തീരുന്നതുവരെ റിട്ടെയിലർമാരിൽ നിന്നും വില കുറച്ച് വാങ്ങാനാകും.
പുതിയ വിലയനുസരിച്ച്, ഐഫോൺ 16 പ്ലസിന്റെ 128ജിബി ബേസ് മോഡലിന് 79,900 രൂപയാണ് വില. അതേസമയം, 256ജിബി സ്റ്റോറേജ് ഓപ്ഷൻ ഇപ്പോൾ 89,900 രൂപയ്ക്ക് ലഭ്യമാണ്. ബ്ലാക്ക്, പിങ്ക്, ടീൽ, അൾട്രാമറൈൻ, വൈറ്റ് എന്നീ നിറങ്ങളിൽ ഈ ഫോണുകൾ ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി ഇപ്പോൾ ലഭ്യമാണ്.











