താൻ സിനിമ ചെയ്യുന്നത് ഏതെങ്കിലും ജൂറിയിലുള്ള 10 പേർക്ക് കണ്ട് മാർക്കിടാനല്ല, മറിച്ച് പ്രേക്ഷകർക്ക് വേണ്ടിയാണെന്ന് എന്ന് പൃഥ്വിരാജ് സുകുമാരൻ. ഷാർജയിൽ നടന്ന ഓണ മാമാങ്കം പരിപാടിയിലാണ് താരത്തിന്റെ ഈ വാക്കുകൾ. ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ പൃഥ്വിരാജിന്റെ നിലപാടായാണ് ആരാധകർ ഈ വാക്കുകളെ സ്വീകരിച്ചിരിക്കുന്നത്.“സിനിമയെടുക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ഏതെങ്കിലും ഒരു ജൂറിയിലുള്ള ഒരു പത്ത് പേർക്ക് കണ്ട് മാർക്കിടാനോ, അല്ലെങ്കിൽ ഏതെങ്കിലുമൊരു ഇന്റർനാഷണൽ ഫെസ്റ്റിവലിൽ അത് പ്രദർശിപ്പിക്കുകയോ അല്ല പ്രധാന ഉദ്ദേശം. എല്ലാ നല്ലത് തന്നെയാണ് അതിനൊക്കെ അതിന്റെതായ ഗുണങ്ങളുണ്ട്, ഇല്ലെന്നു ഞാൻ പറയില്ല. പക്ഷെ എന്നാലും അടിസ്ഥാനപരമായി സിനിമ ചെയ്യുന്നത് നിങ്ങളെ ഉദ്ദേശിച്ചായതിനാൽ, ആടുജീവിതം എന്ന സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും പുരസ്കാരം നിങ്ങൾ ഇതിനകം തന്നു കഴിഞ്ഞു” പൃഥ്വിരാജ് സുകുമാരൻ പറയുന്നു.ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളും നടന്നതിന്റെ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിനെ പ്രതികരണം. മികച്ച നടനുള്ള പുരസ്കാരം ആടുജീവിതത്തിൽ പ്രകടനത്തിന് പൃഥ്വിരാജിന് അവകാശപ്പെട്ടതാണ് എന്നും പുരസ്കാരം നേടിയ ഷാരൂഖ് ഖാൻ അത് അർഹിക്കുന്നില്ല എന്നുമെല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.ഛായാഗ്രഹണം, സംഗീതം, സംവിധാനം തുടങ്ങിയ വിഭാഗങ്ങളിൽ ആടുജീവിതം അന്താരാഷ്ട്ര തലത്തിൽ പ്രശംസകൾ നേടിയിരുന്നു. ഒപ്പം പ്രൊപ്പഗാണ്ട ചിത്രമെന്ന പേരിൽ ഒട്ടനവധി ആരോപണങ്ങൾ നേരിട്ട കേരള സ്റ്റോറി ചിത്രത്തിന് പുരസ്കാരങ്ങൾ നൽകിയതിലും പ്രതിഷേധമുയർന്നിരുന്നു.