ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ ചന്ദ്രശേഖര റാവു (കെസിആര്‍) പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കവിതയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതായി കവിത അറിയിച്ചത്. വേദനാജനകമായ തീരുമാനമെന്ന് കവിത വ്യക്തമാക്കി. എംഎല്‍സി സ്ഥാനവും കവിത രാജിവെച്ചിട്ടുണ്ട്.ബന്ധുവായ ടി ഹരീഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടത്തിയ ശക്തമായ വിമർശനങ്ങൾക്കു പിന്നാലെയായിരുന്നു കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ‘കെസിആറിന്റെ ആരോഗ്യവും പാര്‍ട്ടി പ്രവര്‍ത്തകരേയും ശ്രദ്ധിക്കണമെന്ന് ഞാന്‍ രാം അണ്ണയോട് അഭ്യർത്ഥിക്കുന്നു’ സഹോദരനും മുന്‍ മന്ത്രിയുമായ കെ ടി രാമറാവുവിനെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.തെലങ്കാനയിലെ ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കിയ കെസിആറാണ് തന്റെ പ്രചോദനമെന്ന് കവിത വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചു. പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചനകള്‍ക്ക് താന്‍ ഇരയായെന്നും കവിത ആരോപിച്ചു. ‘പാര്‍ട്ടി ഓഫീസിനുള്ളില്‍ നിന്നുതന്നെ എനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്ന് ഞാന്‍ രാമണ്ണയോട് പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റായ എന്റെ സ്വന്തം സഹോദരനില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാതിരുന്നപ്പോള്‍, എനിക്ക് സാഹചര്യം മനസ്സിലായി’ അവര്‍ പറഞ്ഞു.“ചുറ്റുമുള്ള പാർട്ടി നേതാക്കളെ പരിശോധിക്കാൻ ഞാൻ എന്റെ പിതാവിനോട് അഭ്യർത്ഥിക്കുന്നു. (തെലങ്കാന മുഖ്യമന്ത്രി) രേവന്ത് റെഡ്ഡിയും (ബിആർഎസ് എംഎൽഎ) ഹരീഷ് റാവുവും വിമാനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ കുടുംബത്തെ നശിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു എന്ന ആരോപണവും ഉയർന്നുവന്നു,” അവർ ആരോപിച്ചു.“രേവന്ത് റെഡ്ഡി ഇതിന് ഉത്തരം നൽകണം. എന്റെ കുടുംബാംഗങ്ങളായ കെടിആറിനും കെസിആറിനുമെതിരെ മാത്രമേ അദ്ദേഹം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളൂ, പക്ഷേ ഹരീഷ് റാവുവിനെതിരെയല്ല. കാളേശ്വരം പദ്ധതി ആരംഭിച്ചപ്പോൾ, ഹരീഷ് റാവു ജലസേചന മന്ത്രിയായിരുന്നു, രേവന്ത് റെഡ്ഡി അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞില്ല,” കവിത പറയുന്നു.











