കോഴിക്കോട്∙ വെസ്റ്റ്ഹിൽ സ്വദേശി കെ.ടി.വിജിൽ മരിച്ചതിനെ തുടർന്നു സരോവരം തണ്ണീർത്തടത്തിനു സമീപം ചതുപ്പിൽ കെട്ടിത്താഴ്ത്തിയെന്ന കേസിൽ മൃതദേഹഭാഗങ്ങൾ മുങ്ങിത്തപ്പുന്നത് സംസ്ഥാനത്തു നാലായിരത്തിലേറെ മൃതദേഹങ്ങൾ പുഴയിൽ നിന്നും ചതുപ്പിൽ നിന്നും പുറത്തെടുത്ത ഒളവണ്ണ സ്വദേശി മഠത്തിൽ അബ്ദുൽ അസീസും സംഘവും. സരോവരത്തെ ആൾപാർപ്പില്ലാത്ത കണ്ടൽ കാടിനു സമീപത്തെ ചതുപ്പിൽ ആറു വർഷം മുൻപ് മൃതദേഹം കെട്ടി താഴ്ത്തിയെന്നു പ്രതികൾ മൊഴി നൽകിയതോടെ പുറത്തെടുക്കാൻ പൊലീസ് ആദ്യം തിരഞ്ഞത് അസീസിനെയാണ്. ഒന്നര മീറ്ററോളം താഴ്ചയുള്ള ചെളിയിൽ ബുധനാഴ്ച അസീസും സംഘവും ഇറങ്ങി താഴ്ന്നതോടെ പൊലീസും മറ്റു ഉദ്യോഗസ്ഥരും ആകാംക്ഷയോടെ കാത്തു നിന്നു. എന്നാൽ മഴയും ചതുപ്പിനിടയിലെ മരക്കഷ്ണങ്ങളുമാണ് ബുധനാഴ്ച പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചത്. കഴുത്തൊപ്പം മുങ്ങിയ അസീസിനൊപ്പം പലകയും മരക്കഷ്ണവും പുറത്തെടുക്കാൻ സഹായികളായി എത്തിയവരും പിന്നീട് ചതുപ്പിൽ ഇറങ്ങി
മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലു കണ്ടെത്താൻ കാലുകൾ കൊണ്ടു ചതുപ്പിനടിയിൽ തിരഞ്ഞെങ്കിലും മരപ്പലകയും മരക്കഷ്ണവും തടസ്സമാവുകയായിരുന്നു. സരോവരത്ത് മുൻപ് നടത്തിയ ഒരു പൊതുസമ്മേളനത്തിനായി ഒരുക്കിയ പ്രധാനവേദിയുടെ ഭാഗങ്ങളായ മരപ്പലകകളും മറ്റുമാണ് ചെളിക്കുള്ളിലുള്ളത്. യന്ത്രസഹായത്താൽ മരപ്പലകയും മറ്റും നീക്കിയാൽ ചതുപ്പിനുള്ളിൽ നിന്നു മുങ്ങി മൃതദേഹത്തിന്റെ തെളിവു ലഭിക്കുമെന്നും മൃതദേഹഭാഗങ്ങളുണ്ടെങ്കിൽ അവ കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ് അസീസും സംഘവും പങ്കുവയ്ക്കുന്നത്
സംസ്ഥാനത്തെ വിവിധ പൊലീസ് കേസുകളിൽ കാലപ്പഴക്കം ചെന്ന മൃതദേഹങ്ങൾ കണ്ടെടുക്കാൻ പൊലീസിനെ സഹായിക്കുന്നത് അസീസാണ്. ഇതു വരെ 4,228 മൃതദേഹങ്ങളാണ് വിവിധ കേസിലും അല്ലാതെയുമായി പുറത്തെടുത്തതെന്നു അസീസ് പറഞ്ഞു. സന്നദ്ധപ്രവർത്തനം എന്ന നിലയിലാണ് അസീസ് മൃതദേഹഭാഗങ്ങളുടെ ഇൻക്വസ്റ്റിലും മറ്റും സഹകരിക്കുന്നത്. ഇതിനായി അദ്ദേഹം പ്രതിഫലം വാങ്ങാറില്ല
നിഖിലിന്റെ മൃതദേഹം സരോവരം ചതുപ്പിൽ താഴ്ത്തിയെന്നും അത് പുറത്തെടുക്കുന്നതിൽ സഹായം വേണമെന്നുമുള്ള പൊലീസിന്റെ അഭ്യർഥനപ്രകാരമാണ് അസീസ് കർമനിരതനായി രംഗത്തെത്തിയത്. അസീസിനൊപ്പം സഹായികളായി നിർഷാദ് ചെറിയേടത്ത്, എസ്.എൻ.എസ്.സിദ്ദിഖ്, റിയാസ് മാളിയേക്കൽ, അർഷാദ് പയ്യോളി, ഷംസു പുല്ലിക്കടവ് എന്നിവരാണ് ബുധനാഴ്ച മുതൽ തിരച്ചിലിൽ പങ്കെടുക്കുന്നത്. ചതുപ്പിനു മുകളിൽ രണ്ട് അടിയോളം വെള്ളം ഉള്ളത് വറ്റിക്കാൻ കൊടശ്ശേരി സ്വദേശി മഹേഷിന്റെ സഹായം പൊലീസ് ഏർപ്പെടുത്തി. 20 കുതിരശക്തിയുള്ള കൂറ്റൻ മോട്ടർ ഉപയോഗിച്ചാണ് ബുധനാഴ്ച വെള്ളം വറ്റിച്ചത്. എന്നാൽ വ്യാഴാഴ്ച പെയ്ത മഴയിൽ വീണ്ടും ഇവിടെ വെള്ളക്കെട്ടുണ്ടായി.
തിരച്ചിലിനു കഡാവർ നായ്ക്കളും മണ്ണുമാന്തി യന്ത്രവും
വ്യാഴാഴ്ച പുനരാരംഭിച്ച തിരച്ചിലിൽ പലകയും മരക്കഷ്ണവും മറ്റും നീക്കി ചെളി കോരി പരിശോധിക്കാൻ മണ്ണുമാന്തി യന്ത്രവും സരോവരത്ത് എത്തിച്ചു. തിരയുന്ന ഭാഗത്തേക്ക് മണ്ണുമാന്തി യന്ത്രം എത്തിക്കാൻ സ്ഥലത്തേക്ക് മണ്ണിട്ട് ചെറിയ വഴിയും ഉണ്ടാക്കി. രാവിലെ മുതൽ ഇടവിട്ട് പെയ്യുന്ന മഴ തിരച്ചിലിനെ ബാധിച്ചു. മോട്ടർ ഉപയോഗിച്ചു വെള്ളം മാറ്റാനുള്ള ശ്രമവും ഇതിനിടെ ഒരുവശത്ത് തുടർന്നു. കൊച്ചിയിൽ നിന്ന് മൃതദേഹ സാന്നിധ്യം മണത്തു കണ്ടെത്താനാകുന്ന രണ്ട് കഡാവർ നായ്ക്കളെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഒന്നാം പ്രതി നിഖിലിന്റെ സാന്നിധ്യത്തിലാണ് ബുധനാഴ്ചയും വ്യാഴാഴ്ചയും തിരച്ചിൽ നടത്തിയത്.
വ്യാഴാഴ്ചയും തിരച്ചിലിൽ പുരോഗതിയുണ്ടായില്ലെങ്കിൽ ചെളി പുറത്തെത്തിച്ച് അതിൽ തിരയാനുള്ള ശ്രമമാണ് നടത്തുക. കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. തിരോധാനക്കേസിൽ വിജിലിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തേണ്ടത് ഏറെ നിർണായകമാണ്. മൃതദേഹ ഭാഗം കിട്ടിയാൽ ഡിഎൻഎ പരിശോധന നടത്തി അത് വിജിലാണെന്ന സ്ഥിരീകരിക്കേണ്ടതുണ്ട്. കേസിൽ രണ്ടാം പ്രതിയായ രഞ്ജിത്തിനായുളള തിരച്ചിൽ ഇതിനിടെ പുരോഗമിക്കുന്നുണ്ട്







