കോഴിക്കോട്: താമരശേരി ചുരം വീണ്ടും താത്കാലികമായി അടയ്ക്കും.ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് കല്ലും മണ്ണും വീണ്ടും ഇടിയുന്ന സാഹചര്യത്തിലാണ് തീരുമാനം.അടിവാരം ഭാഗത്തും വൈത്തിരി ഭാഗത്തും വാഹനങ്ങൾ തടയും. ഇന്നലെ രാത്രിയോടെയാണ് താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞുവീണത്. റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും പാറയും പൂർണമായി നീക്കിയാണ് ഗതാഗതം ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചത്. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചിരുന്നു. അതേസമയം, കോഴിക്കോട് ജില്ലയിൽപ്പെട്ട പ്രദേശമായിട്ടും കോഴിക്കോട് നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാരും ചുരം സന്ദർശിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. സംഭവം നടന്ന മൂന്ന് ദിവസം ആകാറായിട്ടും കലക്ടർ എത്താത്തതിലും പ്രതിഷേധമുയരുന്നുണ്ട്. സുരക്ഷക്കായി താൽക്കാലിക സംരക്ഷണവേലി സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ടെങ്കിലും പണികള്‍ൊ ആരംഭിക്കാനുള്ള സാങ്കേതിക തടസ്സം പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ മണ്ണ് നീക്കം ചെയ്യുന്നതും കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കും. ഓണം അവധി വരാനിരിക്കെ ചുരത്തിലെ ഗതാഗതക്കുരുക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും. ടൂറിസം മേഖലക്ക് ഉൾപ്പെടെ വലിയ നേട്ടം ഉണ്ടാക്കാൻ കഴിയുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. അടിയന്തരമായി പ്രശ്നത്തിൽ പരിഹാരം കാണണമെന്നാണ് ആവശ്യം.











