കോഴിക്കോട്: മലപ്പുറം ചേളാരി സ്വദേശിയായ 11 കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്രവ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. പനി ബാധിച്ച് ചേളാരിയിൽ ചികിത്സ തേടിയ കുട്ടി നിലവിൽ മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അതേസമയം രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.നിലവിൽ 11 കാരിയടക്കം മൂന്ന് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ് ചികിത്സയിലുള്ള മറ്റു രണ്ടുപേർ. മൂന്നാഴ്ച മുന്‍പാണ് ഇരുവരും രോഗബാധിതരായത്.കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയയായിരുന്നു മരിച്ചത്.