ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ പേരില്‍ നടക്കുന്ന പണപ്പിരിവ് വ്യാജമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഫാക്ട് ചെക്ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു. ഡോ. കെ എ പോള്‍ എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടുളള പോസ്റ്റ് വന്നത്. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റില്‍ പറഞ്ഞിട്ടുളളത്. ഇത് വ്യാജ പോസ്റ്റാണെന്നും പണപ്പിരിവ് തട്ടിപ്പാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചിരുന്നു. അതിനുപിന്നാലെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗങ്ങൾ രണ്ട് തട്ടിലായി. നിമിഷപ്രിയ വിഷയത്തിൽ ഏറെ ഉയർന്നുകേട്ട സാമുവൽ ജെറോമിനെതിരെയും വ്യാപക വിമർശനം ഉയർന്നു. നിമിഷ പ്രിയക്കായി പിരിച്ചുനൽകിയ നാൽപതിനായിരത്തോളം ഡോളർ സാമുവൽ ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷൻ കൗൺസിലിലെ ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തിയിരുന്നു. വധശിക്ഷ നീട്ടിയതുമായി ബന്ധപ്പെട്ടും കാന്തപുരത്തിന്റെ ഇടപെടലുമായി ബന്ധപ്പെട്ടും പ്രചരിച്ച വിഷയങ്ങൾ യെമനിലെ ചർച്ചകൾക്ക് പ്രതിസന്ധി സൃഷ്ടിച്ചതായും ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞിരുന്നു.പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ 2017 മുതൽ യെമൻ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിലാണ്. തലാലിന്റെ കുടുംബത്തെ കണ്ട് മോചനത്തിനായി നിമിഷയുടെ കുടുംബം ശ്രമിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. വധശിക്ഷ റദ്ദാക്കിയതിനു പിന്നാലെ നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി മഹ്ദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഒരു തരത്തിലുളള ഒത്തുതീർപ്പ് ചർച്ചയ്ക്കും തയാറല്ല. ദിയാധനം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു