തിരുവനന്തപുരം : കനത്ത മഴ പെയ്യുമ്പോൾ ചെളിവെള്ളത്തില്‍ കളിക്കാൻ കുട്ടികളെ വിടല്ലേ… കോഴിക്കോട് റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണക്കാരനായ വില്ലൻ അമീബ ചെളിവെള്ളത്തിലൂടെയാണ് പടരുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യവിദഗ്ധർ ചെളിവെള്ളത്തില്‍ കളിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നു. ചെളിവെള്ളംകെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ പാദരക്ഷകളില്ലാതെ നടക്കാതിരിക്കുക, കുട്ടികള്‍ ചെളിവെള്ളത്തില്‍ ചാടിക്കളിക്കുന്നത് തടയുക എന്നിവ പ്രാഥമിക മുൻകരുതലായി സ്വീകരിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നു. കുളിക്കുന്പോള്‍ മൂക്കില്‍ വെള്ളംകയറാതിരിക്കാൻ ശ്രദ്ധിക്കുന്നത് രോഗപ്രതിരോധ മാർഗമാണെന്നും വിദഗ്ധർ പറയുന്നു. ചെളിവെള്ളത്തിലൂടെയാണ് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതെന്ന് പറയുന്നുണ്ടെങ്കിലും കോഴിക്കോട് രോഗബാധയുണ്ടായത് കിണർവെള്ളത്തിലൂടെയാണെന്ന സംശയവും ഇപ്പോള്‍ ഉയർന്നിട്ടുണ്ട്. നീന്തല്‍ പഠിക്കുന്നവരും നീന്തുന്നവരും മൂക്കില്‍ വെള്ളംകടക്കാതിരിക്കാൻ നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് ശീലമാക്കണം. വാട്ടർ തീം പാർക്കുകളിലും സ്വിമ്മിംഗ് പൂളുകളിലും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓണം അവധിക്കാലമാകുന്പോള്‍ ഇത്തരം വാട്ടർ തീം പാർക്കുകളില്‍ ധാരാളം പേരെത്തുമെന്നതുകൊണ്ട് മുൻകരുതല്‍ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്തു തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍. കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, അസാധാരണമായ പ്രതികരണങ്ങള്‍, നിഷ്ക്രിയരായി കാണപ്പെടുക എന്നിവയും ഉണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുമെന്നും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയുംവേഗം ചികിത്സ ലഭ്യമാക്കണമെന്നും സ്വയംചികിത്സ പാടില്ലെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.