ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ചിത്രീകരണം പൂർത്തിയായി. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളയെത്തുന്ന ചിത്രം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് എന്നിവരുടെ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. അടുത്തിടെ പുറത്തുവന്ന ടൈറ്റിൽ പോസ്റ്റർ ഇക്കാര്യം സാധൂകരിക്കുന്നതായിരുന്നു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ.യേശുക്രിസ്തുവിനെ രണ്ട് കള്ളൻമാർക്കിടയിലായാണ് കുരിശിലിൽ തറച്ചത്. ഇതിൽ വലത് വശത്തെ കള്ളൻ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്റെ കുറ്റങ്ങൾ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റിൽ സൂചന നൽകിയിട്ടുള്ളത്. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്ഒരു മേശയിൽ പോലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതായാണ് ടൈറ്റിൽ പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ. ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. കോ പ്രൊഡ്യൂസർമാർ: ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ, പിആർഒ : ആതിര ദിൽജിത്ത്











