തൃശൂർ: നാലോണനാളില്‍ തൃശൂർ നഗരത്തിലേക്കിറങ്ങാൻ പുലിമടകളില്‍ ഒരുക്കങ്ങള്‍ തുടങ്ങി. പുലികളിറങ്ങുന്ന വിവരം പടുകൂറ്റൻ ഫ്ലെക്സുകളുയർത്തി നാടറിയിച്ചുകഴിഞ്ഞു പുലിക്കളിസംഘങ്ങള്‍.ആവേശം വാരിവിതറുന്ന ചിത്രങ്ങളും തലക്കെട്ടുകളും അടിക്കുറിപ്പുകളും സഹിതമാണ് പുലിക്കളിക്കിറങ്ങുന്ന ദേശങ്ങള്‍ ഫ്ലെക്സുകള്‍ ഉയർത്തിയിരിക്കുന്നത്.അയ്യന്തോള്‍, കുട്ടൻകുളങ്ങര, സീതാറാം മില്‍ ദേശം, യുവജനസംഘം വിയ്യൂർ, ചക്കാമുക്ക് തുടങ്ങിയ ദേശങ്ങളെല്ലാം ഫ്ലെക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കളിക്കാരെയും കൊട്ടുകാരെയും സംഘങ്ങള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. കുടവയറൻപുലികള്‍ക്കുള്ള ബുക്കിംഗ് നേരത്തേതന്നെ കഴിഞ്ഞു. നീണ്ട ഇടവേളയ്ക്കുശേഷം ശക്തന്‍റെ തട്ടകത്തിലേക്കു തിരിച്ചെത്തുന്ന പുലിക്കളിസംഘങ്ങളും ഇത്തവണയും പുലികളായി തുടരും എന്ന പ്രഖ്യാപിച്ച പുലിക്കളി ടീമുകളും പുലിപ്പൂരത്തിന് എത്തുന്നുണ്ട്. ആകെ എത്ര ടീമുകള്‍ പങ്കെടുക്കുന്നുണ്ടെന്നറിയാൻ ഈ മാസം 15 വരെ കാത്തിരിക്കണം. അന്നാണ് അപേക്ഷ നല്‍കേണ അവസാനതീയതി. കോർപറേഷന്‍റ നേതൃത്വത്തില്‍ നാലോണനാളില്‍ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ സംഘാടകസമിതി രൂപീകരിച്ചുകഴിഞ്ഞു. പുലിക്കളിസംഘങ്ങള്‍ക്കുള്ള സഹായധനമായി 3,12,500 രൂപ ഇത്തവണയും നല്‍കും.62,500 രൂപയാണ് ഒന്നാംസമ്മാനം. 50,000 രൂപ, 43,750 രൂപ എന്നിങ്ങനെയാണ് രണ്ട്, മൂന്ന് സമ്മാനങ്ങള്‍. ട്രോഫികളും ഉണ്ടാകും. ഈ വർഷം മുതല്‍ മികച്ച പുലിവരയ്ക്കും സമ്മാനം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ മുൻവർഷങ്ങളെക്കാള്‍ പുലിവര ഇത്തവണ കെങ്കേമമാകും. ഓണ്‍ലൈൻ, സോഷ്യല്‍മീഡിയ എന്നിവയിലൂടെ പുലിക്കളിക്കു പ്രചാരം നല്‍കാനും തങ്ങളുടെ ദേശത്തെ പുലിക്കളിയുടെ വിശേഷങ്ങള്‍ പങ്കിടാനും പുതിയ മാർഗങ്ങള്‍ തേടിയിട്ടുണ്ട് ചില സംഘങ്ങള്‍.