കേരള പ്രവേശനപരീക്ഷാ കമ്മിഷണർ പിജി ഡെന്റൽ കോഴ്സുകളിലെ (എംഡിഎസ്) സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്ക് നടത്തുന്ന അലോട്മെന്റിന്റെ മൂന്നാംഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് www.cee.kerala.gov.in വഴി ഓഗസ്റ്റ് 13-ന് രാത്രി 11.59 വരെ പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
ഒഴിവുകൾ: സർക്കാർ, സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ സീറ്റുകളിൽ രണ്ടാംഘട്ട അലോട്മെൻറിനുശേഷമുള്ള ഒഴിവുകൾ. കൂടാതെ മൂന്നാം അലോട്മെൻറ് വേളയിൽ രൂപപ്പെടാവുന്ന ഒഴിവുകളും ഇതിൽ ഉൾപ്പെടുത്തും.
പുതിയ ഓപ്ഷൻ: മൂന്നാം ഘട്ടത്തിൽ (അന്തിമറൗണ്ട്) പങ്കെടുക്കുന്നവർക്ക് പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും. സീറ്റ് ലാപ്സിങ് ഒഴിവാക്കാനും സംസ്ഥാനസീറ്റും ഓൾ ഇന്ത്യാ സീറ്റും കൈവശംെവച്ച് സീറ്റ് ബ്ലോക്കിങ് ഒഴിവാക്കാനും മൂന്നാം റൗണ്ടുമുതൽ അലോട്മെൻറിൽ ചില നിയന്ത്രണങ്ങളുണ്ടാകും.
സീറ്റ് ഒഴിയാം: ഇതിനകം പ്രവേശനംലഭിച്ച സീറ്റിൽ തുടരാനോ തുടർ റൗണ്ടുകളിൽ പങ്കെടുക്കാനോ താത്‌പര്യമില്ലാത്തവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് പിഴനൽകാതെ സീറ്റൊഴിയാൻ 13-ന് വൈകീട്ട് നാലുവരെ അവസരമുണ്ട്. ഈ സമയപരിധിക്കുശേഷം സീറ്റ് ഉപേക്ഷിക്കുന്നവർക്ക്/ടിസിക്ക് അപേക്ഷിക്കുന്നവർക്ക് ഫീ റീഫണ്ട് ലഭിക്കുന്നതല്ല. മാത്രമല്ല പിഴയും നൽകണം.
പ്രവേശനം: താത്‌കാലിക അലോട്മെൻറ് 14-നും അന്തിമ അലോട്മെൻറ് 16-നും പ്രഖ്യാപിക്കും. അലോട്മെന്റ് ലഭിച്ചാൽ കോളേജിൽ രേഖകളുമായി റിപ്പോർട്ടുചെയ്ത് ഫീസടച്ച് പ്രവേശനംനേടാൻ 17 മുതൽ 20-ന് വൈകീട്ട് നാലുവരെ സമയമുണ്ടാകും. വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള ചില വിഭാഗക്കാരെ ഫീ നൽകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്ട്രേ റൗണ്ട്: മൂന്നാം ഘട്ടത്തിനുശേഷം ഉണ്ടായേക്കാവുന്ന ഒഴിവുകൾ സ്ട്രേ വേക്കൻസി റൗണ്ട് അലോട്മെൻറിലൂടെ നികത്തും. ഇതിനായി പുതിയ ഓപ്ഷൻ രജിസ്ട്രേഷനുണ്ടാകും.
പ്രവേശനംനേടിയാലും ഇല്ലെങ്കിലും മൂന്നാം റൗണ്ടിൽ അലോട്മെൻറ് ലഭിക്കുന്നവർ, ആദ്യരണ്ടുറൗണ്ടുകൾപ്രകാരം പ്രവേശനംനേടി ആ നിലയിൽ തുടരുന്നവർ, 13-ന് വൈകീട്ട് നാലിനുശേഷം സീറ്റ് ഉപേക്ഷിക്കുന്നവർ, സ്ട്രേ വേക്കൻസി റൗണ്ട് സമയത്ത് ഓൾ ഇന്ത്യ ക്വാട്ട/കേന്ദ്ര സർവകലാശാല/കല്പിത സർവകലാശാലാ അലോട്മെൻറ് പ്രകാരം സീറ്റുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) പങ്കുെവച്ച ലിസ്റ്റിലുള്ളവർ തുടങ്ങിയവർക്ക് സ്ട്രേ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.








