ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഗുരുതര ആരോപണത്തെ അസംബന്ധ വിശകലനമെന്ന് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞതിന് രാഹുൽഗാന്ധി രാജ്യത്തോട് മാപ്പ് ചോദിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. രാഹുൽഗാന്ധി പറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അദ്ദേഹത്തിന് രേഖാമൂലം പരാതി കൊടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ അത്തരത്തിൽ പരാതി കൊടുത്തില്ലെങ്കിൽ ആരോപണങ്ങളിൽ രാഹുൽഗാന്ധി വിശ്വസിക്കുന്നില്ലെന്നാണ്. ഈ വിഷയത്തിൽ അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം’-തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. അതേസമയം, വിജയിക്കാമായിരുന്ന പല തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താൻ അന്വേഷണം തുടങ്ങിയതെന്ന് രാഹുൽഗാന്ധി ഇന്ന് പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞു. ഒരു മണ്ഡലം പഠിക്കാൻ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ഡിജിറ്റൽ ഡേറ്റ കൈമാറണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം അഞ്ച് ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഡിജിറ്റൽ പതിപ്പുകൾ നൽകാത്തതെന്ത്?, വീഡിയോ ദൃശ്യം നൽകാത്തതെന്ത്?,തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ലിസ്റ്റില് വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്?,മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്? ,ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നത് എന്തിന്? എന്നിങ്ങനെയുളള ചോദ്യങ്ങളാണ് രാഹുൽഗാന്ധി ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടർപ്പട്ടികയിലടക്കം കൃത്രിമവും വോട്ടുമോഷണവും നടത്തിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. ബിജെപി ജയിച്ച കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ 1,00,250 വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആഭ്യന്തര സർവേയിൽ കോൺഗ്രസ് ജയിക്കുമെന്ന് കണ്ടെത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു ബംഗളൂരു സെൻട്രൽ. എന്നാൽ, 32,707 വോട്ടിന് ബി.ജെ.പി ജയിച്ചു. മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ ബിജെപിക്ക് 1,14,046 വോട്ടിന്റെ ലീഡ് ലഭിച്ചു. 1,00,250 വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടെന്ന് കണ്ടെത്തിയതായി രാഹുൽ പറഞ്ഞു. മഹാരാഷ്‌ട്ര, ഹരിയാന അസംബ്ളി തിരഞ്ഞെടുപ്പുകളിൽ ‘ഇന്ത്യ’ സഖ്യം തോറ്റത് വോട്ടർപ്പട്ടികയിലെ ക്രമക്കേട് കാരണമാണെന്നും അദ്ദേഹം ആരോപിച്ചു.