കുക്കു പരമേശ്വരനെതിരായ മെമ്മറി കാർഡ് വിവാദത്തില്‍ അമ്മ സംഘടനയിൽ പരാതി നൽകാൻ തയ്യാറെടുത്ത് വനിതാ അംഗങ്ങൾ. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മി പ്രിയ തുടങ്ങിയവർ ചേർന്നാണ് പരാതി നൽകുക. ഇവരുടെ പരാതി ഇന്ന് സംഘടനയ്ക്ക് കൈമാറും.
ദുരനുഭവങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്നത് കുക്കു വ്യക്തമാക്കണമെന്നും. ആരുടെ ഉപദേശ പ്രകാരമാണ് വിഡിയോ റെക്കോർഡ് ചെയ്തത് എന്നതും വ്യക്തമാക്കണമെന്നും ഉന്നയിച്ചാണ് താരങ്ങള്‍ സംഘടനയ്ക്ക് പരാതി നൽകുക.
മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനായിരുന്നു താരങ്ങളുടെ ആദ്യ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടനയിൽ തന്നെ പരാതി നൽകാന്‍ താരങ്ങള്‍ തീരുമാനിച്ചത്.അതേസമയം, വിഷയത്തില്‍ കുക്കു പരമേശ്വരനും പരാതി നല്‍കിയിട്ടുണ്ട്. ഡിജിപിക്കാണ് കുക്കു പരമേശ്വരൻ പരാതി നൽകിയത്. മെമ്മറി കാർഡ് വിഷയത്തിൽ തനിക്കെതിരെ മനഃപൂർവം ആരോപണങ്ങൾ വരുന്നുവെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പിന്നാലെയാണ് ആരോപണങ്ങള്‍ ഉയരുന്നതെന്നും, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് കുക്കുപരമേശ്വരന്റെ പരാതി.