ചേര്‍ത്തല: ഐഷ(ഹയറുമ്മ)യെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയായ സമീപവാസി റോസമ്മയ്ക്കും വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനും പങ്കുണ്ടെന്ന ആരോപണവുമായി ഐഷയുടെ സഹോദരന്റെ മക്കള്‍. 2012 മെയ് 13-നാണ് ഐഷയെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംശയകരമായ നീക്കങ്ങളാണ് റോസമ്മയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സഹോദരന്റെ മക്കളായ ശാസ്താംകവല വെളിയില്‍ എം ഹുസൈനും എം അലിയും ആരോപിച്ചു.
ഐഷയുമായി അടുത്ത ബന്ധമാണ് റോസമ്മയ്ക്കുണ്ടായിരുന്നത്. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഐഷയെ കാണാതായ വിവരം ബന്ധുക്കളെ അറിയിക്കുന്നത് നാലുദിവസം കഴിഞ്ഞാണ്. ഐഷയുടെ ഫോണ്‍ സിഗ്നല്‍ കാണാതാകുമ്പോള്‍ പളളിപ്പുറത്തായിരുന്നുവെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും അന്വേഷണ ഘട്ടങ്ങളിലൊന്നും അത് പരിശോധിച്ചില്ല. സെബാസ്റ്റിയനുമായി റോസമ്മയ്ക്കുണ്ടായിരുന്ന ബന്ധം മറച്ചുവെച്ചതിനാല്‍ സംഭവത്തില്‍ സെബാസ്റ്റിയന്‍ ബന്ധം പരിശോധിക്കപ്പെട്ടില്ല.
2012-ല്‍ കാണാതായ ഐഷ സെബാസ്റ്റ്യനൊപ്പമെത്തി 2016-ല്‍ തന്റെ സ്ഥലം വൃത്തിയാക്കിയെന്ന തരത്തില്‍ റോസമ്മ നടത്തിയ പ്രചാരണം പച്ചക്കളളമായിരുന്നു.അക്കാലത്ത് സെബാസ്റ്റ്യന്‍ റോസമ്മയുമായി അടുപ്പത്തിലായിരുന്നു. ഐഷയുടെ തിരോധാനത്തില്‍ ഇവര്‍ക്ക് വ്യക്തമായ ബന്ധമുണ്ടെന്നും ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എം ഹുസൈനും എം അലിയും ആവശ്യപ്പെട്ടു.
അതേസമയം, ചേര്‍ത്തലയിലെ തിരോധാനങ്ങളുമായി ബന്ധപ്പെട്ട് യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ അന്വേഷണ സംഘം കഠിനശ്രമത്തിലാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സുനില്‍ രാജ് പറഞ്ഞു. റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം ഭാഗത്തുനിന്ന് സിഗ്നല്‍ കിട്ടിയെങ്കിലും അത് കേസുമായി ബന്ധപ്പെട്ടതല്ല. ബുധാഴ്ച്ച കണ്ടെത്തിയ വാച്ചിന്റെ ഭാഗവും ചെരിപ്പും തെളിവിലേക്ക് എടുത്തിട്ടില്ല. അന്വേഷണത്തിലിരിക്കുന്ന കേസിന്റെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും എ സുനില്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു.